ബ്ലുംഫൊന്റെയ്ന്ആഫ്രിക്കന് മണ്ണില്‍ വീണ്ടും ഏഷ്യന്‍ ശക്തിപ്രകടനം. ഗ്രീസിനെ കീഴടക്കിയ
ദക്ഷിണ കൊറിയയ്ക്കു പിന്നാലെ, ശക്തരെന്നു കരുതപ്പെട്ട കാമറൂണിനെ ഒറ്റ
ഗോളിനു കീഴടക്കിയ ജപ്പാന്‍ വീണ്ടും ഫുട്ബോളിലെ ഏഷ്യന്‍ സാന്നിധ്യം
പേരിനു മാത്രമല്ലെന്നു തെളിയിച്ചു. കാമറൂണിന്‍റെ
കാളക്കൂറ്റന്‍മാര്‍ക്കെതിരേ പ്രതിരോധക്കോട്ട കെട്ടിയ ബ്ലൂ സമുറായികള്‍
ആക്രമണത്തിലുപരി ചെറുത്തുനില്‍പ്പിന്‍റെ വിജയമാണു സ്വന്തമാക്കിയത്. ഇതോടെ
ഇ ഗ്രൂപ്പില്‍ മൂന്നു പോയിന്‍റുമായി ഹോളണ്ടിനൊപ്പം ലീഡര്‍
സ്പോട്ടിലായി ജപ്പാന്‍. 39ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കെയ്സുകെ ഹോണ്ട
ജപ്പാനായി ലക്ഷ്യം കണ്ടു.
ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും പതിഞ്ഞ ഫസ്റ്റ് ഹാഫായിരുന്നു കാമറൂണ്‍ -
ജപ്പാന്‍ മത്സരത്തിലേത്. ഇരു ടീമുകളും ആക്രമിക്കാന്‍
തുനിയാതിരുന്നപ്പോള്‍ കളി മിഡ്ഫീല്‍ഡിലൊതുങ്ങി. ആദ്യത്തെ മികച്ച
മുന്നേറ്റം ആഫ്രിക്കന്‍ ടീമിന്‍റേതായിരുന്നു. പിയെറെ വെബൊയുടെ ക്രോസ്
ജപ്പാന്‍ സമര്‍ഥമായി പെനല്‍റ്റി ഏരിയയില്‍ തടഞ്ഞു.
ആഫ്രിക്കന്‍ ടീമിന് ആക്രമിക്കാന്‍ അവസരം നല്‍കാതെ പന്ത് മിഡ്ഫീല്‍ഡില്‍
ഒതുക്കുക എന്ന തന്ത്രം ജപ്പാന്‍ നടപ്പാക്കിയതോടെ കാമറൂണ്‍ ഗോളി സുലൈമാനു
ഹമീദുള്‍സിന് കാര്യമായ ജോലിയുമുണ്ടായിരുന്നില്ല.
ഇതിനിടെ പരീക്ഷിച്ച രണ്ട് ഫ്രീ കിക്ക് ഷോട്ടുകള്‍ ജാപ്പനീസ് ഗോളി എയ്ജി
കവാഷിമ ഫലപ്രദമായി തടുത്തിടുകയും ചെയ്തു. 37ാം മിനിറ്റില്‍ ഗ്യാലറി തിങ്ങി
നിറഞ്ഞ ആരാധകര്‍ക്ക് ആവേശമായി കാമറൂണ്‍ മികച്ചൊരു മുന്നേറ്റം നടത്തി.
ഇതിനൊടുവില്‍ ഇയോങ് എനൊ പെനല്‍റ്റി ബോക്സിന് തൊട്ടു പുറത്തു നിന്ന്
തൊടുത്ത ഷോട്ട് ഗോളി കൈയിലൊതുക്കി.
ഇതിന്‍റെ പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു ജപ്പാന്‍റെ ഗോള്‍. റൈറ്റ്
വിങ്ങില്‍ കളിച്ച ഡൈസുകെ മറ്റ്സുയിയുടെ ഇടങ്കാലന്‍ പാസ് ക്ലോസ് റേഞ്ചില്‍
നിന്ന് സ്വീകരിച്ച കെയ്സുകെ ഹോണ്ട പോസ്റ്റിലേക്ക് ഈസിയായി തട്ടിയിട്ടു.
രണ്ടാം പകുതിയില്‍ എങ്ങനെയെങ്കിലും സമനില സ്വന്തമാക്കാന്‍ ഉണര്‍ന്നു
കളിച്ച കാമറൂണിന്‍റെ നീക്കങ്ങളൊന്നും വിലപ്പോയില്ല. ജാപ്പനീസ് മതിലില്‍
തട്ടി ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. പ്രതിരോധക്കോട്ട തകര്‍ത്ത് കാമറൂണ്‍
മുന്നേറിയപ്പോഴൊക്കെ ജാപ്പനീസ് ഗോളി എയ്ജി കാവാഷിമ ആഫ്രിക്കയ്ക്ക്
ഗോള്‍ നിഷേധിച്ചു.