ഏഷ്യന്‍ കരുത്തിനെ
കശക്കിയെറിഞ്ഞ്
മെസ്സിയും കൂട്ടരും ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പാക്കി. ഗോണ്‍സാലോ
ഹിഗ്വയ്ന്‍റെ ഹാട്രിക്ക് അടക്കം
ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ രണ്ടാം ജയം. അലമാലകള്‍ പോലെ ആഞ്ഞടിച്ച അര്‍ജന്‍റീനിയന്‍
അക്രമണ നിരയ്ക്ക് മുന്നില്‍ കൂടുതല്‍ ഗോള്‍
വഴങ്ങാതിരുന്നതിന് ദക്ഷിണ കൊറിയ, ഗോള്‍
കീപ്പര്‍ ജംഗ് സംഗിന് നന്ദി പറയണം. ഗോളെന്നുറച്ച
ഒരുഡസനോളം അവസരങ്ങളാണ് സംഗിന്‍റെ മനോവീര്യത്തില്‍
തട്ടിത്തെറിച്ചത്. ഗോളടിച്ചില്ലെങ്കിലും ഗോളിലേക്ക് വഴി തുറന്ന എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും
മെസ്സിയുടെ തലച്ചോറുണ്ടായിരുന്നു.
പതിവുപോലെ ആക്രമണഫുട്ബോളിന്‍റെ വക്താക്കളായി മറഡോണയുടെ
കുട്ടികള്‍ കളി തുടങ്ങിയപ്പൊള്‍ ആദ്യ ഗോളിന്
അധികം കാത്തിരിക്കേണ്ടി വന്നില്ല. പതിനാറാം മിനുറ്റില്‍ ദക്ഷിണകൊറിയന്‍ ബോക്സിന് പുറത്തു നിന്ന്
കിട്ടിയ ഫ്രീ കിക്ക് ചു
യംഗ് പാര്‍ക്കിന്‍റെ കാലില്‍ തട്ടി കൊറിയന്‍ പോസ്റ്റില്‍ കയറിയപ്പോള്‍ അതുവരെ പാറപോലെ ഉറച്ചു നിന്ന ജംഗ് സംഗിന്
കാഴ്ചക്കാരനാവാനെ കഴിഞ്ഞുള്ളു.
മുപ്പതിമൂന്നാം മിനുറ്റില്‍ ഗോണ്‍സാലൊ ഹിഗ്വയ്ന്‍ അതുവരെ
നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് ആദ്യമായി
കണക്ക് തീര്‍ത്തു. എണ്ണംപറഞ്ഞ ഹെഡറില്‍ ഹിഗ്വയ്ന്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി വീണ്ടും വലയനക്കി. സ്കോര്‍
അര്‍ജന്‍റീന-2-, കൊറിയ-0. പ്രതീക്ഷ കൈവിടാതെ പൊരുതിനോക്കിയ കൊറിയയ്ക്ക്
ഒടുവില്‍ ദാനം പോലെ അര്‍ജന്‍റീന
ഗോള്‍ സമ്മാനിക്കുകയും ചെയ്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡെമിഷില്‍സിന് പറ്റിയൊരു
കാലബദ്ധത്തില്‍ നിന്നായിരുന്നു ദക്ഷിണകൊറിയയുടെ
ആദ്യ മറുപടി വന്നത്. ആദ്യപകുതിയ്ക്ക് പിരിയുമ്പോള്‍ സ്കോര്‍: അര്‍ജന്‍റീന-2, ദ.കൊറിയ-1.
രണ്ട് ഗോള്‍ ലീഡുമായി ഇടവേളയ്ക്ക് പിരിയാമെന്ന്
ഉറപ്പിച്ചിരുന്ന മറഡോണയെ ഞെട്ടിച്ചുകൊണ്ടാണ്
കൊറിയ ഗോള്‍ മടക്കിയത്. പ്രതിരോധനിരക്കാരന്‍ ഡെമിഷില്‍സിന്‍റെ കാലില്‍ നിന്ന് നഷ്ടമായ പോയ
പന്ത് പിടിച്ചെടുത്ത ലീ ചുംഗ്
യോംഗ് അര്‍ജന്‍റീനിയന്‍ ഗോളി റൊമേറോയെ കാഴ്ചക്കാരനാക്കി കൊറിയയ്ക്ക് വേണ്ടി ആദ്യ വെടിപൊട്ടിച്ചു. ഇടവേളയ്ക്ക് ശേഷം
ആക്രമണങ്ങളില്‍ കുറവ് വരുത്താന്‍
അര്‍ജന്‍റീന തയ്യാറായില്ല. എന്നാല്‍ ആക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ തിരിച്ചടി നല്‍കാനായിരുന്നു
ഏഷ്യന്‍ രാജാക്കന്‍മാരുടെ ശ്രമം. ഇതിനെ
കടുത്ത ടാക്ലിംഗിലൂടെ പ്രതിരോധിച്ച അര്‍ജന്‍റീനയുടെ
പ്രതിരോധ നിരക്കാരായ ജൊനാസ് ഗുട്ടീരസും നായകന്‍ ജാവിയര്‍ മസ്കരാനോയും മഞ്ഞക്കാര്‍ഡ് കണ്ടു.
ഒരു ഗോള്‍ ലീഡ് കൊറിയ ഏതു നിമിഷവും മറികടക്കുമെന്ന്
തോന്നിച്ച നിമിഷങ്ങളായിരുന്നു പിന്നീട്.
എന്നാല്‍ 76 ആം മിനുറ്റില്‍ ലോകം കാത്തിരുന്ന നിമിഷമെത്തി. പെനല്‍റ്റി ബോക്സിനു
പുറത്തു നിന്ന് പന്തുമായി പോസ്റ്റിലേയ്ക്ക്
കുതിച്ച ലയണല്‍ മെസ്സി തൊടുത്ത ഷോട്ട് യംഗിന്‍റെ കാലില്‍ തട്ടിത്തെറിച്ചു. വീണ്ടും മെസ്സിയുടെ കലില്‍
പന്ത്. രണ്ടാമത്തെ ഷോട്ട് പോസ്റ്റില്‍
തട്ടി തിരിച്ചുവന്നപ്പോള്‍ കാല്‍പ്പാകത്തില്‍ കിട്ടിയത് ഹിഗ്വയ്ന്. ഒഴിഞ്ഞ പോസ്റ്റിലേയ്ക്ക് ഹിഗ്വ്യന്‍
രണ്ടാമതും നിറയൊഴിച്ചു. അധികം
കാത്തിരിക്കേണ്ടി വന്നില്ല. 77 ആം
മിനുറ്റില്‍ ഹെഡറിലൂടെ തന്‍റെ ഹാട്രിക്ക്
പൂര്‍ത്തിയാക്കിയ ഹിഗ്വ്യന്‍ കൊറിയയുടെ ആവേശത്തില്‍ അവസാന ആണിയും അടിച്ചു. പ്രതിരോധനിരക്കാരന്‍ വാള്‍ട്ടര്‍
സമുവല്‍ പരുക്കേറ്റ് കയറിയത്
അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയായി.