ബ്ലുംഫൊണ്ടെയ്ന്ഫ്രഞ്ച് പതനം പൂര്‍ത്തിയായി. ഒപ്പം ആതിഥേയരുടെ ആവേശാരവങ്ങള്‍ക്കും ലോങ്
വിസില്‍. വീരോചിതം പൊരുതി ഫ്രഞ്ച് സൈന്യത്തെ 2-1നു തോല്‍പ്പിച്ചിട്ടും
ദക്ഷിണാഫ്രിക്ക ലോകകപ്പില്‍നിന്നു പുറത്ത്. ആതിഥേയര്‍ രണ്ടാം റൗണ്ട്
കാണാതെ പുറത്താകുന്നതു ചരിത്രത്തിലാദ്യം. വന്‍ ശക്തിയെ തോല്‍പ്പിച്ച വലിയ
ദിവസം ദക്ഷിണാഫ്രിക്കയ്ക്ക് മോശം ദിനം കൂടിയായി. ഇനി ഈ ലോകകപ്പില്‍
അവരില്ലല്ലോ, താരങ്ങളായി.
ഫ്രാന്‍സില്‍ ഇനി വിവാദങ്ങള്‍ പൂക്കും. തോറ്റു തുന്നംപാടിയ
ടീമില്‍ത്തന്നെ കലഹങ്ങള്‍ കനക്കും. ഇവരടങ്ങിയ എ ഗ്രൂപ്പില്‍നിന്ന് പ്രീ
ക്വാര്‍ട്ടറിലെത്തിയത് ഉറുഗ്വെയും മെക്സിക്കോയും. കോച്ച് റെയ്മണ്ട്
ഡൊമെനെക്കിനെതിരേ തിരിഞ്ഞ താരങ്ങളുടെ വിപ്ലവത്തിനു ശേഷമാണു
ഫ്രാന്‍സിന്‍റെ തോല്‍വി. ആതിഥേയര്‍ക്കു ജയിച്ചിട്ടും വില്ലനായതു ഗോള്‍
ശരാശരിയും.
ഗ്രൂപ്പില്‍ നാലു പോയിന്‍റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം സ്ഥാനക്കാരായ
മെക്സിക്കോയ്ക്കും നാല് പോയിന്‍റാണുള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍
ദക്ഷിണാഫ്രിക്ക പിന്തള്ളപ്പെടുകയായിരുന്നു. രണ്ടു ജയവും ഒരു സമനിലയുമായി
ഏഴു പോയിന്‍റ് ഉറുഗ്വെയ്ക്ക്.
യൂറോപ്പിനു പുറത്ത് ഒരിക്കല്‍പ്പോലും ലോകകപ്പ് രണ്ടാം റൗണ്ടിലെത്താന്‍
കഴിഞ്ഞിട്ടില്ലെന്ന റെക്കോഡ് തിരുത്താനും ഫ്രാന്‍സിനായില്ല. 1930ല്‍
ഉറുഗ്വെ, 1978ല്‍ അര്‍ജന്‍റീന, 2002ല്‍ ജപ്പാന്‍- ദക്ഷിണ കൊറിയ
ലോകകപ്പുകളിലായിരുന്നു ഫ്രാന്‍സ് രണ്ടാംറൗണ്ട് കാണാതെ ഇതിനുമുന്‍പ്
പുറത്തായത്. 1998ല്‍ ചാംപ്യന്‍മാരായ ഫ്രഞ്ച് ടീം 2000ല്‍ യൂറോ കപ്പ്,
2001- 2003 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ്, 2006ലെ ലോകകപ്പ്
റണ്ണേഴ്സ് അപ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അന്ന് ഈ
വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച സിനദിന്‍ സിദാന്‍, പാട്രിക് വിയേര,
ക്ലോഡ് മക്കലേല തുടങ്ങിയ സുവര്‍ണ കാലഘട്ടത്തിലെ താരങ്ങളുടെ
സാന്നിധ്യമില്ലാതെ ഇറങ്ങിയ ഫ്രാന്‍സ് ദക്ഷിണാഫ്രിക്കയില്‍ അമ്പേ
പരാജയപ്പെടുകയായിരു ന്നു. അന്നു ടീമിലുണ്ടായിരുന്ന വെറ്ററന്‍ താരം തിയറി
ഹെന്‍റിക്ക് ആഫ്രിക്കയില്‍ ഭൂരിഭാഗം സമയത്തും സൈഡ് ബെഞ്ചിലുമായിരുന്നു
സ്ഥാനം.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീം ഉറുഗ്വെയോട്
ഗോള്‍രഹിത സമനില വഴങ്ങിയ ഫ്രാന്‍സ് രണ്ടാം പോരി ല്‍
മെക്സിക്കോയ്ക്കെതിരേ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ ഞെട്ടിക്കുന്ന
തോല്‍വിയും ഏറ്റുവാങ്ങി. ഇതിനിടെ ക്യാംപില്‍ കോച്ച് റെയ്മണ്ട്
ഡൊമെനിക്കും താരങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും
വെളിച്ചത്തിലെത്തി. കോച്ചിനെതിരേ പരസ്യമായി തുറന്നടിച്ച നിക്കൊളാസ്
അനെല്‍ക്കയെ ടീമിനു പുറത്താക്കി നാട്ടിലേക്കു തിരിച്ചയച്ചു.
അനെല്‍ക്കയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ടീം ഒട്ടാകെ
പരിശീലനത്തിനിറങ്ങാതിരുന്നു. ഒടുവില്‍ ദക്ഷിണാഫ്രിക്കയെന്ന ചെറു മീനിനോട്
തോല്‍വി ഇരന്നു വാങ്ങി.
ഉറുഗ്വെ- മെക്സിക്കോ ഫലം അനുകൂലമാവുകയും വിജയം സ്വന്തമാക്കുകയും
ചെയ്താല്‍ നോക്കൗട്ട് റൗണ്ടിന്‍റെ നേരിയ സാധ്യതകള്‍ ശേഷിച്ചിരുന്നതിനാല്‍
ആവേശത്തോടെയാണു ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ഉറുഗ്വെയോടു പരാജയപ്പെട്ട
ടീമില്‍ അഞ്ചു മാറ്റങ്ങളും. സ്ഥിരം ക്യാപ്റ്റന്‍ തിയറി ഹെന്‍റിയെയും
പകരക്കാരന്‍ ക്യാപ്റ്റന്‍ പാട്രിക് എവ്രയെയും സൈഡ് ബെഞ്ചിലിരുത്തി ആറ്
മാറ്റങ്ങളോടെ ഫ്രാന്‍സും. തുടക്കത്തില്‍ ആന്ദ്രെ ജിഗ്നാക്കും ജിബ്രില്‍
സിസെയും ആതിഥേയ പോസ്റ്റ് ലക്ഷ്യമാക്കി പന്ത് പായിച്ചു. എന്നാല്‍ ലീഡ്
സ്വന്തമാക്കാന്‍ ഫ്രാന്‍സിനായില്ല.
പതിയെ വുവുസെലകളുടെ ആരവത്തിനൊത്ത് ഇരമ്പിയാര്‍ത്ത ദക്ഷിണാഫ്രിക്കന്‍
ചുണക്കുട്ടികള്‍ക്ക് മുന്നില്‍ ഫ്രാന്‍സ് പതറിത്തുടങ്ങി. നിരന്തരമായ
ആക്രമണങ്ങള്‍. പിന്നീടെല്ലാം ബഫാന ബഫാന മാത്രം. വലതു കോര്‍ണറില്‍
നിന്നെത്തിയ ഷോട്ട് ക്ലിയര്‍ ചെയ്യാന്‍ ഫ്രാന്‍സ് ഗോളി ഹ്യൂഗൊ ലോറിസ്
പരാജയപ്പെട്ടു, പന്ത് കാലിലെത്തിയ ബൊംഗാനി ഖുമാലോയ്ക്ക് അധികമൊന്നും
ചെയ്യാനുണ്ടായിരുന്നില്ല. 20ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്.
ഗോള്‍ വീണതോടെ വീണ്ടും ദക്ഷിണാഫ്രിക്ക ആവേശത്തില്‍. ഇതിനിടെ
ദക്ഷിണാഫ്രിക്കന്‍ പെനല്‍റ്റി ഏരിയയില്‍ വച്ച് മക്ബെത്ത് സിബയെ ഫൗള്‍
ചെയ്തതിന് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ യൊവാന്‍ ഗൗര്‍കഫ് റെഡ് കാര്‍ഡ് കണ്ടു
പുറത്ത്. പത്തു പേരായിച്ചുരുങ്ങിയ ഫ്രാന്‍സിനെതിരേ വീണ്ടും ആഫ്രിക്കന്‍
ആക്രമണത്തിരമാല. ഒടുവില്‍ മസിലാലിയുടെ ക്രോസില്‍ നിന്ന് എംഫെലയുടെ
ഷോട്ട് 37ാം മിനിറ്റില്‍ ഫ്രഞ്ച് വലയില്‍. ഇതിനിടെ മെക്സിക്കോയ്ക്കെതിരേ
ഉറുഗ്വെ ലീഡ് നേടിയെന്ന വാര്‍ത്തയും ആഫ്രിക്കയെ ആവേശത്തിലാക്കി.
രണ്ടാം പകുതിയില്‍ ഹെന്‍റിയെയും ഫ്ലോറന്‍റ് മലൂദയെയും ഇറക്കി ഡൊമെനെക്ക്
ഭാഗ്യ പരീക്ഷണത്തിനു മുതിര്‍ന്നു. ഗോളടിക്കാതെ ലോകകപ്പില്‍ നിന്ന്
പുറത്താകുകയെന്ന നാണക്കേട് ഒഴിവാക്കാന്‍ ഫ്രാങ്ക് റിബറിയുടെ
നേതൃത്വത്തില്‍ ഫ്രഞ്ച് മുന്നേറ്റം. 70ാം മിനിറ്റില്‍ റിബറിയുടെ പാസില്‍
നിന്ന് മലൂദ സ്കോര്‍ ചെയ്തതോടെ ദക്ഷിണാഫ്രിക്ക നിശബ്ദം. പിന്നീടു
മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇരു പാതിയിലെയും വലകള്‍ ചലിച്ചില്ല.
എക്സ്ട്രാ ടൈമില്‍ സിഫിവെ ഷബലാലയ്ക്ക് ലഭിച്ച അവസരവും പാഴായി.