ഐ പി എല്ലിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബി സി സി ഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ലളിത് മോഡിയ്ക്ക് ഈ മാസം 15 വരെ സമയം അനുവദിച്ചു. സമയം നീട്ടി നല്‍കണമെന്ന മോഡിയുടെ അപേക്ഷയെ തുടര്‍ന്നാണിത്. 22 കുറ്റങ്ങളാണ് മോഡിയ്ക്ക് നല്‍കിയിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ ബി സി സി ഐ ചുമത്തിയിരിക്കുന്നത്.
വിശദീകരണം നല്‍കുന്നതിനായി മോഡി ബി സി സി ഐയില്‍ നിന്ന് ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നല്‍കാന്‍ ബി സി സി ഐയ്ക്ക് ഇതുവരെ കഴിയാഞ്ഞതുമാണ് സമയം നീട്ടി നല്‍കാന്‍ കാരണമെന്നാണ് ബി സി സി ഐയുടെ വിശദീകരണം.
ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ അനുമതി ഇല്ലാതെ ഇംഗ്ലണ്ടില്‍ വിമത ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മോഡിയ്ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ആരോപണമുന്നയിച്ച ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഗൈല്‍സ് ക്ലാര്‍ക്കിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് മോഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.