ഒടുവില്‍ ഭാഗ്യം കൂട്ടിനെത്തി, പാക്കിസ്ഥാന്‍ തുടര്‍ച്ചയായ മൂന്നാം ട്വന്റി-20 ലോകകപ്പിലും സെമിയില്‍ കടന്നു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 11 റണ്‍സിന് കീഴടക്കിയാണ് പാകിസ്ഥാന്‍ സെമിയില്‍ കടന്നത്. സൂപ്പര്‍ എട്ടിലെ പാക്കിസ്ഥാന്റെ ഏക വിജയമാണിത്. നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാനെക്കാള്‍ പിന്നിലായ ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും പുറത്തായി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക് നായകന്‍ അഫ്രീദിയുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. എന്നാല്‍, മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 137 റണ്‍സിന് അവസാനിക്കുകയായിരുന്നു.
പാകിസ്ഥാന് വേണ്ടി കമ്രാല്‍ അക്മല്‍(37), ഉമര്‍ അക്മല്‍(51), അഫ്രീദി(30)യും മികച്ച ബാറ്റിംഗ് നടത്തി. 19 റണ്‍സിന് നാലു വിക്കേറ്റ്ടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലാങ്ങ്‌വെല്‍റ്റിന്റെ ബൌളിംഗാണ് പാകിസ്ഥാന്റെ സ്കോര്‍ കുറച്ചത്.
എന്നാല്‍, സ്പിന്നര്‍ സയീദ് അജ്മലിലൂടെ (26ന് നാല്) അതേ നാണയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി നല്‍കിയാണ് പാക്കിസ്ഥാന്‍ ജയം നേടിയത്. ആഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലേഴ്സ് 53 റണ്‍സ് നേടിയെങ്കിലും വിജയിക്കാനായില്ല. ഐ പി എല്ലില്‍ മികച്ച ബാറ്റിംഗ് നടത്തിയ കാലീസ് 13 റണ്‍സെടുത്ത് മടങ്ങി. ഉമര്‍ അക്മലാണ് കളിയിലെ കേമന്‍.