ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ടില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും പാകിസ്ഥാന്‍ തോറ്റു. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് ഒരു റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമി പ്രവേശനം ഉറപ്പാക്കി. ഇംഗ്ലണ്ട് 39 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്‌ളണ്ട് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. എന്നാല്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ്ങിനു മുന്നില്‍ പകച്ച ദക്ഷിണാഫ്രിക്ക 129 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. സ്വാനും സൈഡ് ബോട്ടവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. മൈക്കല്‍ യാര്‍ഡ്‌ലി രണ്ട് വിക്കറ്റ് നേടി.
ഇംഗ്‌ളണ്ടിന് വേണ്ടി കീസ്‌വെറ്റര്‍ (43), പീറ്റേഴ്‌സണ്‍ (53), മോര്‍ഗന്‍ (21) എന്നിവരുടെ ബാറ്റിംഗാണ് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡുമിനി(39) മാത്രമാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.
അവസാന പന്തുവരെ ആവേശം നിറഞ്ഞ ആദ്യ മത്‌സരത്തില്‍ ന്യൂസിലന്‍ഡ് ഒരു റണ്‍സിനാണ് ജയം കണ്ടെത്തിയത്. 54 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സല്‍മാന്‍ ബട്ടിന്റെ ഒറ്റയാള്‍ പോരാട്ടത്തിനും പോലും പാകിസ്ഥാനെ വിജയിപ്പിക്കാനായില്ല. ബട്‌ലര്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍, അവസാന പന്തില്‍ അബ്‌ദുര്‍ റഹിമാന്‍ എല്‍ ബിയില്‍ കുടുങ്ങിയതോടെ പാകിസ്ഥാന്റെ ട്വന്റി-20 കിരീട മോഹങ്ങള്‍ അസ്തമിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ നിശ്ചിത 20ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി. മികച്ച പാക് ബൌളിംഗിന് മുന്നില്‍ കീവീസ് ബാറ്റ്സ്മാന്മാര്‍ തകര്‍ന്നു. വെട്ടോറി(38) മക്കുല്ലം(33) എന്നിവര്‍ക്കു മാത്രമെ കിവി നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞുള്ളു.
പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് സമി, അബ്‌ദുര്‍ റഹ്‌മാന്‍, ഷാഹിദ് അഫ്രിദി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ന്യൂസിലാന്‍ഡിനു വേണ്ടി ബട്‌ലര്‍ മൂന്നും മില്‍സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.