മൂന്നാമത് ട്വന്റി-20 ലോകകപ്പില്‍ നാണം കെട്ട തോല്‍വിയോടെ സെമി കാണാതെ ഇന്ത്യ പുറത്ത്. സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. അവസാന മത്സരത്തില്‍ ശ്രീലങ്ക അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഓസീസ് തോല്‍പ്പിച്ചു. ഇതോടെ ഓസ്ട്രേലിയയും ശ്രീലങ്കയും സെമിയില്‍ കടന്നു.
നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 163 റണ്‍സെടുത്തു. എന്നാല്‍, അവസാന പന്തില്‍ കപുഗഢേര നേടിയ സിക്സിലൂടെ ലങ്ക വിജയം നേടി. ലങ്കയെ കുറഞ്ഞത് 20 റണ്‍സിനെങ്കിലും തോല്പ്പിക്കണമെന്നുള്ളതിനാല് സ്കോര്‍ ഉയര്‍ത്താന്‍ ഇന്ത്യ ശ്രമിച്ചെങ്കില്‍ അവസാന ഓവറുകളില്‍ വേണ്ടത്ര റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. അര്‍ദ്ധസെഞ്ച്വറി നേടിയ സുരേഷ് റെയ്ന (63), ഗംഭീര്‍ (41), ധോണി (23 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഇന്ത്യ 163 റണ്‍സ് നേടിയത്.
ഗംഭീറും റെയ്നയും പുറത്തായശേഷം ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിന്റെ വേഗം കുറഞ്ഞു. ആദ്യ 60 പന്തില്‍ 90 റണ്‍സെടുത്ത ഇന്ത്യ പിന്നെ 60 പന്തില്‍ 73 റണ്‍സാണ് നേടിയത്. സെമിസാധ്യത നിലനിര്‍ത്താന്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചു കളിച്ച നെഹ്റയെ ആദ്യപന്തില്‍ ബൗണ്ടറിയടിച്ച് മാഹേല (4) മറുപടി നല്കിത്തുടങ്ങിയെങ്കിലും പെട്ടെന്ന് പുറത്തായി. അടുത്ത ഓവറില്‍ വിനയ്കുമാര്‍ ജയസൂര്യയെ (0) മടക്കി.
രണ്ടിന് ആറ് എന്നനിലയില്‍ നിന്ന് ദില്‍ഷനും (33) സംഗയും ചേര്‍ന്ന് മുന്നേറ്റം തുടങ്ങി. തുടര്‍ന്ന് ക്ഷമയോടെ കളിച്ച സംഗക്കാരയും മാത്യൂസും ആദ്യ പതിനഞ്ച് ഓവറില്‍ ലങ്കയെ 100 റണ്‍സിലെത്തിച്ചു. സംഗക്കാരയെ (44) പുറത്താക്കിയെങ്കിലും ഏഞ്ചലോ മാത്യൂസും കപുഗഡേരയും ഇന്ത്യയുടെ സെമിസ്വപ്നങ്ങള് തകര്‍ക്കുകയായിരുന്നു.
രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലില്‍ പ്രവേശിക്കാന്‍ വന്‍ മാര്‍ജിനില്‍ വിജയം കാണേണ്ടിയിരുന്ന വിന്‍ഡീസ് കുറഞ്ഞ സ്കോറിന് പുറത്താകുകയായിരുന്നു. പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ 105 റണ്‍സിന് വിന്‍ഡീസ് പുറത്തായി.
മറുപടി ബാറ്റിംഗാരംഭിച്ച ഓസീസ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. 16.2 ഓവറില്‍ തന്നെ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു.