ആദ്യ ട്വന്റി-20 ലോകകപ്പിലെ ചാമ്പ്യന്മാരായ ഇന്ത്യ മൂന്നാം ലോകകപ്പില്‍ പുറത്തേക്ക്. ഗ്രൂപ്പ് എഫിലെ നിര്‍ണായക മല്‍സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് പതിനാല് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പിന്റെ സെമി കാണാതെ ഇന്ത്യ മടങ്ങേണ്ടി വരും. അടുത്ത മത്സരത്തില്‍ ശ്രീലങ്കയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കുകയും വിന്‍ഡീസിനെ ഓസ്ട്രേലിയ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യയ്ക്ക് ഇനി സെമി പ്രതീക്ഷയൊള്ളൂ.
ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 98 റണ്‍സെടുത്ത നായകന്‍ ക്രിസ്‌ഗെയ്‌ലിന്റെ അത്യുജ്ജ്വല ബാറ്റിംഗാണ് വെസ്റ്റിന്‍ഡീസിന് വിജയം സമ്മാനിച്ചത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മോശം പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. സുരേഷ് റെയ്‌ന (32), നായകന്‍ എം എസ് ധോണി (29) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
വ്യക്തിഗത സ്‌കോര്‍ 47ലെത്തിയപ്പോള്‍ ഗെയ്‌ലിനെ പിടിച്ചു പുറത്താക്കാനുള്ള അവസരം ധോണിയും പത്താനും പരസ്പരം കൂട്ടിയിടിച്ച് നഷ്ടപ്പെടുത്തി. ചാന്ദര്‍പോളിനെ 12 റണ്‍സിലെത്തിയപ്പോള്‍ കൈവിട്ട ജഡേജ ബൗളിംഗിലും നന്നേ പരാജയമായിരുന്നു. ഡാരന്‍സാമി (19), കീരണ്‍ പൊള്ളാര്‍ഡ് (17) റണ്‍സെടുത്തു. ആശിഷ് നെഹ്‌റ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ ശ്രീലങ്കയെ 81 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. എന്നാല്‍, ലങ്ക 16.2 ഓവറില്‍ 87 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഓസീസിന് വേണ്ടി കാമറൂണ്‍ വൈറ്റ് 85 റണ്‍സും ഹസ്സി 39 റണ്‍സും നേടി.