വിദേശ പശ്ചാത്തലത്തിലെ സിനിമകളോട് ഹിന്ദി സിനിമാപ്രേക്ഷകര്‍ ഒന്നു മടുപ്പ് കാട്ടിയതുകൊണ്ടാവും ഈയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം മുംബൈയുടെ കഥ പറയുന്നത്. നഗരത്തിലെ സ്ഥലപരിമിതി മുതല്‍ കുറ്റകൃത്യങ്ങള്‍ വരെ വിഷയമാകുന്നു. അപ്പാര്‍ട്ട്മെന്‍റ്, സിറ്റി ഒഫ് ഗോള്‍ഡ്, ബേഡ് ഐഡല്‍, കുഛ് കരിയെ, മുസ്കുരാ കെ ദേഖ് സരാ തുടങ്ങിയ ചിത്രങ്ങളാണ് വെള്ളിയാഴ്ച തിയെറ്ററുകളിലെത്തുന്നത്. ജഗ്മോഹന്‍ മുന്ദ്രയുടെ അപ്പാര്‍ട്ട്മെന്‍റാണ് പ്രധാന ചിത്രം. സ്ഥലപരിമിതി മൂലം ഒരു മുറി ഷെയര്‍ ചെയ്യേണ്ടി വരുന്ന അപരിചിതരുടെ കഥയാണ് അപ്പാര്‍ട്ട്മെന്‍റ്. സ്ഥലമില്ലാത്തതും റിയല്‍ എസ്റ്റേറ്റ് പ്രൈസ് വാനോളം കുതിക്കുന്നതുമൊക്കെ ചിത്രത്തില്‍ വിഷയമാകുന്നു. രോഹിത് റോയ്, തനുശ്രീ ദത്ത, നീതു ചന്ദ്ര എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ നീതു ചന്ദ്രയുടെ ബാത്തിങ് സീന്‍ ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു.
മുംബൈയില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിലേക്കാണ് മഹേഷ് മഞ്ജരേക്കറുടെ സിറ്റി ഒഫ് ഗോള്‍ഡ് ക്യാമറ തിരിക്കുന്നത്. മഹേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുംബൈയുടെ ജനനത്തിനായി ജീവിതം തന്നെ സമര്‍പ്പിച്ച മില്‍ തൊഴിലാളികളുടെ കഥ പറയുന്നു. ഇവരുടെ ജീവനു മേലാണ് മുംബൈയിലെ ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ളക്സുകളും ഉയര്‍ന്നത്.
അനിമേഷന്‍ ചിത്രമായ ബേഡ് ഐഡലും മുംബൈയുടെ കഥ തന്നെയാണ് പറയുന്നത്. കോമഡി ചിത്രമായ ബേഡ് ഐഡലിന്‍റെ സംവിധാനം ജ്യോതിന്‍ ഗോയല്‍. മനുഷ്യരെപ്പോലെ തന്നെ മുംബൈയിലെ പക്ഷികള്‍ സ്കൂളില്‍ പോവുകയും ടിവി കാണുകയും ഒക്കെ ചെയ്യുന്നു. ഇതിനിടെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും പക്ഷികളെത്തുന്നു. ഒരു ദിവസം കൊണ്ടു താരങ്ങളാവുന്ന റിയാലിറ്റി ഷോയാണ് ബേഡ് ഐഡലിന്‍റെ പ്രമേയം. ജൂഹി ചൗള, ഷാന്‍, കൈലാഷ് ഖേര്‍ എന്നിവരാണ് ശബ്ദം നല്‍കിയത്.
ജഗ്ബീര്‍ ദഹിയ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച കുഛ് കരിയെയില്‍ മുംബൈയുടെ ഇപ്പോഴത്തെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി അനാവരണം ചെയ്യുന്നു. സ്വന്തം വീടു വിട്ട് മുംബൈയിലെത്തുന്ന ഒരാള്‍ നഗരവുമായി പൊരുത്തപ്പെടുന്ന കഥ. ഗായകന്‍ സുഖ്വിന്ദര്‍ സിങ് ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ് കുഛ് കരിയെ.
വീടു വിട്ട് നഗരത്തിലേക്കു വരുന്ന ഒരാളുടെ കഥ തന്നെയാണ് മുസ്കുരാ കെ ദേഖ് സരാ. അവിടെ അയാള്‍ തന്‍റെ പ്രണയം കണ്ടെത്തുന്നു. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. സോം ശേഖര്‍ നിര്‍മിച്ച്, സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗഷ്മീര്‍ മഹ്ജാനി, ട്വിങ്കിള്‍ പട്ടേല്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. രംഗീല, സത്യ, കമ്പനി തുടങ്ങിയ ചിത്രങ്ങളുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്ന സോം ശേഖര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മുസ്കുരാ കെ ദേഖ് സരാ.
ഈ വെള്ളിയാഴ്ച തിയെറ്ററുകളില്‍ ഇത്തരം ചെറിയ ചിത്രങ്ങളുടെ പൂക്കാലമാണ്. വന്‍താരങ്ങളുടെ ഒരു സിനിമ പോലും റിലീസ് ചെയ്യാത്ത ആഴ്ച. വന്‍തോക്കുകളില്ലാത്തത് ചെറിയ സിനിമകള്‍ക്ക് ആശ്വാസമാകുമെന്നു തന്നെ കരുതാം.