ചാഹേ കോയി മുഝെ ജംഗ്ലി കഹേ...
ഷമ്മി കപൂര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെട്ടുന്ന ഇത്തരം എത്രയോ ഹിറ്റു ഗാനങ്ങള്‍, ചടുല നൃത്തങ്ങള്‍. ഹിന്ദി ചലച്ചിത്ര ലോകത്തിന് അത്ര പരിചിതമല്ലാതിരുന്ന നൃത്തച്ചുവടുകളും തലയനക്കങ്ങളുമാണ് ഗാന രംഗങ്ങളില്‍ ഷമ്മിയെ വ്യത്യസ്ത നാക്കിയത്. കാലം എത്രയോ കടന്നു പോയിരിക്കുന്നു. ഇപ്പോള്‍ എഴുപത്തെട്ടാമത്തെ വയസിലും ഷമ്മി ആക്റ്റിവ്. ഇന്‍റര്‍നെറ്റ് താരമാണിപ്പോള്‍. ചാറ്റിങ്, ബ്ലോഗിങ്...എല്ലാം.
ഇന്‍റര്‍നെറ്റ് യൂസേഴ്സ് കമ്യൂണിറ്റി ഒഫ് ഇന്ത്യയുടെ സ്ഥാപകന്‍, ഇപ്പോള്‍ ചെയര്‍മാന്‍. എത്തിക്കല്‍ ഹാക്കേഴ്സ് അസോസിയേഷന്‍ എന്ന ഓര്‍ഗനൈസേഷന് തുടക്കമിട്ടതും ഷമ്മി. അധികമാര്‍ക്കും അറിയാത്ത ഒരു കരിയറിലും ഷമ്മി ഏറ്റവും സജീവം. പ്രായമായവര്‍ അധികം കടന്നുവരാന്‍ സാധ്യതയില്ലാത്ത മേഖലയിലാണ് ഷമ്മിയുടെ തിളക്കം. ഇന്‍റര്‍നെറ്റിന്‍റെ അപാരസാഗരത്തിലാണ് ഷമ്മിയുടെ കളി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ ആക്റ്റിവ് മെംബറായ ഷമ്മി, സുഹൃത്തുക്കളെ പാര്‍ട്ടിക്കു വിളിക്കുന്നതു പോലും ട്വിറ്ററിലൂടെ. കപൂര്‍ കുടുംബത്തിന് അത്ര ഇഷ്ടമല്ലാത്ത ദീപിക പദുക്കോണും ഷമ്മിയും തമ്മില്‍ സൗഹൃദത്തിലായതും ട്വിറ്ററിലൂടെ.
ഷമ്മി കപൂര്‍ അണ്‍പ്ലഗ്ഡ് എന്ന പേരില്‍ സ്വന്തം വിഡിയോ ബ്ലോഗും പുറത്തിറക്കുകയാണ് ഷമ്മി. ടെക്നോളജിയുടെ വളര്‍ച്ച താന്‍ ആസ്വദിക്കുകയാണ്. സിനിമയില്‍ അതിന്‍റെ സ്വാധീനം ഏറിവരുന്നു. ഇനി തിയെറ്ററില്‍പ്പോയി സിനിമ കാണുന്നത് അവസാനിക്കും. വീട്ടിലിരുന്നു തന്നെ പുതിയ സിനിമകള്‍ കാണാവുന്ന ടെക്നോളജി എത്താന്‍ താമസമുണ്ടാകില്ലെന്ന് ഷമ്മി. എഴുപത്തെട്ടുകാരനായ ഷമ്മിയാണ്, കപൂര്‍ കുടുംബത്തിനു വേണ്ടി വെബ്സൈറ്റ് തുടങ്ങിയത്. ഇന്ത്യയില്‍ ഇമെയ്ലും ഇന്‍റര്‍നെറ്റും പ്രചാരത്തിലാവുന്നതിനു മുന്‍പു തന്നെ താന്‍ അതിനെക്കുറിച്ച് അറിയുകയും പഠിക്കുകയും ചെയ്തുവെന്ന് ഷമ്മി. ആരോഗ്യപ്രശ്നങ്ങള്‍ വല്ലാതെ അലട്ടുകയും ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസിനു വിധേയനാവുകയും ചെയ്യുന്നുണ്ടെങ്കിലും അത്ര പെട്ടെന്ന് വിധിക്കു കീഴടങ്ങാന്‍ ഷമ്മി തയാറല്ല. കാരണം തനിക്കു ചുറ്റുമുള്ള ഒരുപാട് കാര്യങ്ങള്‍ അറിയാനും പഠിക്കാനും ആ മനസ് തുടിക്കുകയാണ്.