ഓരോ സിനിമയ്ക്കു വേണ്ടിയും കേശഭാരത്തില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നല്കുന്നതില് മിടുക്കത്തികളാണ് ഇപ്പോഴത്തെ ബോളിവുഡ് താരങ്ങള്‍. എങ്കിലും പ്രിയങ്ക ചോപ്രയ്ക്കു വലിയ ഒരാഗ്രഹമുണ്ട്, തനിക്കു നീളന്‍ മുടിവേണമെന്ന്. അഴിച്ചിട്ടാല്‍ നിലത്തിഴയുന്ന എന്നൊക്കെ കവികള്‍ വര്‍ണിക്കുന്ന തരത്തിലുള്ള കാര്കൂന്തലാണു പ്രിയങ്കയുടെ മനസില്‍. സിനിമയില്‍ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള ഹെയര്‍ഡ്രസിങ്ങ് രീതികള്‍ അവലംബിക്കാറുണ്ട്. എങ്കിലും നല്ല മുടിയുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ മനസില്‍ ചെറിയ അസൂയ തോന്നും. തിങ്ങിയ കേശഭാരത്തിനു ഷാംപൂ ഉപയോഗിക്കാന്‍ പരസ്യത്തില്‍ പെണ്ണുങ്ങളെ ഉപദേശിക്കാറുണ്ടെങ്കിലും തനിക്കെന്നും ബോബ് ചെയ്ത മുടിയായിരുന്നു എന്നാണു പ്രിയങ്ക പറയുന്നത്.
ഇനി വരാനിരിക്കുന്ന വിശാല്‍ ഭരദ്വാജിന്റെ സാത്ത് ഖൂണ്‍ മാഫ് എന്ന ചിത്രത്തിലും പ്രിയങ്കയുടെ ഹെയര്‍ സ്റ്റൈലില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. എന്നാല്‍ ഇതു വരെ പ്രിയങ്ക ചെയ്തിരുന്ന കഥാപാത്രങ്ങളില്‍ നിന്നു കാര്യമായ മാറ്റമുണ്ട് എന്നാണു കേള്‍വി. തന്റെ ഏഴു ഭര്ത്താക്കന്മാരെ കൊല്ലുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം. സൂസന്ന എന്ന കഥാപാത്രത്തെയാണു ചിത്രത്തില്‍ പ്രിയങ്ക അവതരിപ്പിക്കുന്നത്. റുസ്കിന്‍ ബോണ്ടിന്റെ സൂസന്നാസ് സെവന് ഹസ്ബന്‍ഡ്സ് എന്ന നോവലിനെ ആധാരമാക്കിയാണു വിശാല്‍ ഈ ചിത്രം ഒരുക്കുന്നത്.
ബോളിവുഡിന്റെ കിങ് ഷാരുഖ് ഖാന് അടുത്തിടെ തന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകളുടെ ഹാങ്ങോവറിലാണിപ്പോള് പ്രിയങ്ക. അടുത്തിടെ ഷാരുഖ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റില്‍ പ്രിയങ്കയെ വിശേഷിപ്പിച്ചത്, ഷീറോ എന്നാണ്. നായകന്മാര്ക്കു തുല്യമായി പെണ്ണുങ്ങളുടെ കൂട്ടത്തില്‍ നിന്നൊരു ഹീറോ എന്നാണു ഷാരുഖ് ഉദ്ദേശിച്ചത്.