സെലിബ്രിറ്റികളുടെ ഇഷ്ടങ്ങളെല്ലാം വിചിത്രമായിരിക്കും. പലപ്പോഴും ആരും ചിന്തിക്കാത്ത കാര്യങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നത്. പോപ് താരം ബ്രിട്നി സ്പിയേഴ്സ് ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. താന്‍ മരിച്ചു കഴിഞ്ഞാല്‍, ദഹിപ്പിക്കണം. അങ്ങനെ കിട്ടുന്ന ചാരത്തില്‍ നിന്ന് ഡയമണ്ട് നിര്‍മിക്കണമെന്നായിരുന്നു ഇതുവരെ ബ്രിട്നിയുടെ ആഗ്രഹം. എന്നാല്‍ അടുത്തിടെയായി തന്നെ ദഹിപ്പിക്കുന്ന കാര്യത്തില്‍ അത്ര താല്‍പ്പര്യമില്ല ബ്രിട്നിക്ക്. പുതിയ ഇഷ്ടം ക്ര യോജനിക്സിനോടാണ്. മരിച്ചു കഴിഞ്ഞാല്‍ ശരീരം ലിക്വിഡ് നൈട്രജനില്‍ സൂക്ഷിച്ചുവയ്ക്കണം. വര്‍ഷങ്ങള്‍ക്കു ശേഷം സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ ഒരു പക്ഷേ, മരിച്ചവര്‍ക്കു ജീവന്‍ നല്‍കാന്‍ കഴിയും. അന്ന് തനിക്കു വീണ്ടും ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ കഴിയണമെന്നാണ് ബ്രിട്നിയുടെ ലേറ്റസ്റ്റ് വിഷ്.
കഴിഞ്ഞ ആഴ്ച ഡിസ്നി ലാന്‍ഡിലെത്തിയപ്പോഴാണ് ഇത്തരമൊരു ഓപ്ഷനെക്കുറിച്ച് ബ്രിട്നി അറിയുന്നത്. വാള്‍ട്ട് ഡിസ്നിയുടെ ശരീരം ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ക്രയോജനിക്സന്‍റെ സഹായത്താല്‍ സംരക്ഷിക്കുന്ന ഡിസ്നിയുടെ ശരീരത്തിന് ഭാവിയില്‍ ജീവന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷ.
ഇതിനു വേണ്ടിയുള്ള ഗവേഷണങ്ങളും തകൃതിയായി നടക്കുന്നു. ഇക്കാര്യങ്ങള്‍ അറിഞ്ഞതു മുതലാണ് ബ്രിട്നിക്കും ക്രയോജനിക്സിനോട് ഇഷ്ടം തുടങ്ങിയത്. ഗവേഷണത്തിനായി പണം മുടക്കാനും ബ്രിട്നിക്കു മടിയില്ല. ഒന്നരക്കോടി രൂപ നല്‍കാന്‍ ബ്രിട്നി സമ്മതിച്ചുകഴിഞ്ഞു. വജ്രമായി ജീവനില്ലാത്ത അവസ്ഥയില്‍ എത്തുന്നതിലും നല്ലത് എന്നെങ്കിലും ജീവന്‍ തിരിച്ചു കിട്ടുന്നതാണെന്ന് ബ്രിട്നി കരുതുന്നു. അച്ഛന്‍ ജാമിയും മകളുടെ ആഗ്രഹത്തെ പിന്തുണയ്ക്കുകയാണ്. പ്രൈവറ്റ് ലൈഫിലെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി വരുമ്പോഴാണ് പുതിയ മോഹങ്ങളുമായി ബ്രിട്നി വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്.