ഹാരി പോട്ടര്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു കരുതി വിഷമിച്ചിരുന്ന ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. ഒരുപക്ഷെ ഹാരി പോട്ടര്‍ മടങ്ങിവന്നേക്കാം. ഇനിയൊരിക്കലും ഹാരി പോട്ടറിനെ കഥാപാത്രമാക്കി കഥകളെഴുതില്ലെന്നു പറഞ്ഞ ജെ. കെ. റൗളിങ് തീരുമാനം മാറ്റുമെന്നു സൂചന. കുട്ടിമാന്ത്രികന്‍ തിരിച്ചുവന്നേക്കുമെന്നു റൗളിങ് സൂചന നല്‍കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു ഹാരി പോട്ടര്‍ ആരാധകര്‍ക്കു പ്രതീക്ഷ നല്‍കുന്ന തീരുമാനം.
ഹാരിപോട്ടര്‍ കഥകളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ എഴുത്തുകാരിയാണ് റൗളിങ്. ലോകത്തിലെ ഏറ്റവും സമ്പന്നയായ എഴുത്തുകാരി എന്നൊരു വിശേഷണം കൂടിയുണ്ട്. 1997ലാണു കുട്ടിമാന്ത്രികന്‍ ലോകമെമ്പാടും ഹിറ്റായത്. ഓരോ പുസ്തകമിറങ്ങുമ്പോഴും, അതു സ്വന്തമാക്കാന്‍ കാത്തിരിക്കുന്നവര്‍ അനവധി. ഡാനിയല്‍ റാഡ്ക്ലിഫും എമ്മ വാട്സണ്ണും പ്രധാന കഥാപാത്രങ്ങളായി സിനിമകളുമിറങ്ങി. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഹാരി പോട്ടര്‍ സിരീസിലെ അവസാനപുസ്തകം പുറത്തിറങ്ങിയത്, ഹാരി പോട്ടര്‍ ആന്‍ഡ് ദ് ഡെത്ത്ലി ഹാലോസ്. പതിവുപോലെ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തു.
ഹാരി പോട്ടറിന്‍റെ മാന്ത്രികകഥകള്‍ അവസാനിപ്പിക്കുന്നതു കൊണ്ടുതന്നെ അവസാനപുസ്തകമെഴുതി തീര്‍ക്കുമ്പോള്‍ താന്‍ കരഞ്ഞുപോയെന്നു വരെ റൗളിങ് പറഞ്ഞു. എന്നാല്‍ ആ കരച്ചിലില്‍ വലിയ കാര്യമില്ലെന്നു വേണം കരുതാന്‍. വാഷിങ്ടണ്‍ വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍ ഹാരി പോട്ടര്‍ മടങ്ങിവന്നേക്കുമെന്നൊരു സൂചന നല്‍കി സമ്പന്ന കഥാകാരി. മാനസികമായ അടുപ്പം എന്നതിനപ്പുറം കോടികള്‍ സമ്പാദിച്ചു നല്‍കിയ കഥാപാത്രത്തെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ കഴിയുമോ. പറഞ്ഞ വാക്ക് ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് മാറ്റുന്നുവെന്നു പ്രഖ്യാപിച്ചാല്‍ മാത്രം മതി, തടസമൊന്നുമില്ലാതെ ഇനിയും കോടികള്‍ ഒഴുകിയെത്തും.