ഇനിയിപ്പോ സോഡാഗ്ലാസും കൈയിലൊരു തടിച്ച പുസ്തകവുമായിരിക്കുന്ന സ്റ്റൈലൊക്കെ മാറ്റാന്‍ സമയമായെന്ന് ഡാനിയല്‍ റാഡ്ക്ലിഫിന് തോന്നിത്തുടങ്ങിയിട്ടുണ്ട്. ഹാരിപോട്ടര്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിനു മനുഷ്യരൂപം നല്‍കിയ താരം ഇപ്പോള്‍ പുതിയ വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിലാണ്. ചെറുപ്പത്തില്‍ത്തന്നെ ലോകമെങ്ങും ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ റാഡ്ക്ലിഫ് ഹാരിപോട്ടറുടെ വേഷം മാറ്റാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഹാരിപോട്ടര്‍ സീരീസ് പൂര്‍ത്തിയായി, ഇനി പുതിയ സിനിമയും നാടകവും കഥാപാത്രങ്ങളുമൊക്കെയാണ് റാഡ്ക്ലിഫിന്‍റെ മനസില്‍. അതുകൊണ്ടാണ് ആകെയൊരു മാറ്റത്തിനു കൊതിക്കുന്നതും. തന്‍റെ അപ്പിയറന്‍സില്‍ തന്നെയൊരു ചെയ്ഞ്ച്. അതും വെറുതെയൊരു മാറ്റം റാഡ്ക്ലിഫ് ആഗ്രഹിക്കുന്നില്ല. പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സിക്സ്പാക്ക് സൂപ്പര്‍ ടോണ്‍ഡ് ബോഡിയാണ് റാഡ്ക്ലിഫ് കൊതിക്കുന്നത്.
തന്‍റെ പുതിയ ബ്രോഡ്വെ ഡ്രാമയ്ക്കു വേണ്ടിയാവും റാഡ്ക്ലിഫിന്‍റെ മാറ്റം. റൊണാള്‍ഡോയെ മാതൃകയാക്കിയാവും ബാക്കി പരിശീലനം. ആരെയും അതിശയിപ്പിക്കുന്ന പെര്‍ഫെക്റ്റ് മസില്‍ ബോഡി തനിക്കും സ്വന്തമാക്കാന്‍ കഴിയുമെന്നു തന്നെയാണ് റാഡ്ക്ലിഫിന്‍റെ വിശ്വാസം. തന്‍റെ ബ്രോഡ്വെ മ്യൂസിക്കല്‍ അരങ്ങേറ്റം ഹൗ റ്റു സക്സീഡ് ഇന്‍ ബിസിനസ് വിത്തൗട്ട് റിയലി ട്രയിങ്ങിനു വേണ്ടിയാണ് അപ്പിയറന്‍സ് ചെയ്ഞ്ച്. മ്യൂസിക്കലില്‍ വിന്‍ഡോ ക്ലീനറായ ജെ. പിയര്‍പോണ്‍ട് ഫിന്‍ചിനെ അവതരിപ്പിക്കുന്ന റാഡ്ക്ലിഫിന് ഒരുപാട് ഷര്‍ട്ട്ലെസ് സീനുകളില്‍ അഭിനയിക്കേണ്ടതുണ്ട്. ഇനിയെങ്കിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ തന്നെയാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം അത്രയൊന്നും കാര്യമാക്കാതെ അടിച്ചുപൊളിച്ചു ജീവിച്ച ഇരുപതുകാരന്‍ എങ്ങനെയും സൂപ്പര്‍ ഫിഗര്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ഒരു മാസം കൊണ്ടു തന്നെ ശ്രമങ്ങള്‍ക്കു ഫലം കണ്ടുതുടങ്ങിയെന്ന് റാഡ്ക്ലിഫിന്‍റെ സുഹൃത്ത് പറയുന്നു.