ഹോളിവുഡിലെ യുവതാരങ്ങില്‍ ഏറ്റവും സമ്പന്നരില്‍ ഒരാള്‍ എന്ന വിശേഷണമുണ്ട് ഡാനിയല്‍ റാഡ്ക്ലിഫിന്. ഹാരിപോട്ടര്‍ എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയ റാഡ്ക്ലിഫിന് ഇപ്പോള്‍ പേടി. ഹാരിപോട്ടര്‍ സിനിമകള്‍ കഴിഞ്ഞാല്‍ തനിക്കു തൊഴിലില്ലാതാവുമോ എന്ന്. ഇപ്പോള്‍ ഹാരിപോട്ടര്‍ സീരീസിലെ അവസാന ചിത്രം ഹാരിപോട്ടര്‍ ആന്‍ഡ് ദ് ഡെത്ലി ഹാലോസിന്‍റെ ചിത്രീകരണം തുടരുകയാണ്. പൂര്‍ത്തിയാകാന്‍ അധികം താമസമില്ല. തുടര്‍ച്ചയായി ഹാരിപോട്ടര്‍ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അതു കൊണ്ടു തന്നെ അത്തരത്തിലൊരു ഇമേജില്‍ വീണുപോയിട്ടുണ്ട്. ഇതു വരെ മറ്റൊരു സിനിമയിലേക്കും ആരും വിളിച്ചിട്ടുമില്ല. റാഡ്ക്ലിഫ് തന്‍റെ അവസ്ഥ വിവിരിക്കുന്നു.
ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ നാഷനല്‍ മൂവി അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് റാഡ്ക്ലിഫ് തന്‍റെ ഭാവി ജീവിതത്തിന്‍റെ ആശങ്കകള്‍ അറിയിച്ചത്. ബെസ്റ്റ് ഫാമിലി മൂവിക്കുള്ള അവാര്‍ഡ് ഹാരിപോട്ടര്‍ക്കാണ് ലഭിച്ചത്.
ബ്രിട്ടിഷ് കോമഡി മ്യൂസിക്കല്‍ തിയെറ്ററില്‍ ഏതെങ്കിലും ജോലി കിട്ടുമോ എന്നു നോക്കേണ്ടി വരുമെന്നു തോന്നുന്നു എന്നാണ് റാഡ്ക്ലിഫ് പറയുന്നത്. ഈ കമന്‍റില്‍ ചെറിയ തമാശയുണ്ടെങ്കിലും ഹാരിപോട്ടര്‍ ഇമേജില്‍ നിന്നു മാറി തന്നെ ആരും ഇതു വരെ കാണാത്തതിലുള്ള വിഷമമുണ്ട് റാഡ്ക്ലിഫിന്. ജെയിംസ് ബോണ്ട് നായകന്മാര്‍ക്ക് മറ്റു ചിത്രങ്ങളും കിട്ടിയിട്ടുണ്ട്. അവരെ എക്കാലവും ബോണ്ട് ആയി മാത്രമല്ല കണ്ടിട്ടുള്ളത്. എന്നാല്‍ തന്നെ എപ്പോഴും ഹാരിപോട്ടറായിത്തന്നെ കാണുന്നു. റാഡ്ക്ലിഫ് പറയുന്നു.
ഇതൊക്കെയാണങ്കിലും ഇപ്പോഴും ഹാരിപോട്ടര്‍ നേടിത്തരുന്ന പ്രശസ്തിയില്‍ തനിക്കു മനം മയങ്ങുന്നുണ്ടെന്നും പറയുന്നു റാഡ്ക്ലിഫ്. അടുത്ത ഒരു പത്തു വര്‍ഷത്തേക്കു കൂടി ഈ ആരാധകരെ പിടിച്ചു നിര്‍ത്താന്‍ പറ്റും എന്ന പ്രതീക്ഷയിലാണു റാഡ്ക്ലിഫ്.