ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദയനീയ പ്രകടനത്തിന് കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം നടന്ന നിശാപാര്‍ട്ടികളാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഐ പി എല്ലിലെ മത്സരശേഷം നടന്ന നിശാപാര്‍ട്ടികള്‍ കളിക്കാരുടെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞുവെന്നും ധോണി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ തോല്‍വിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധോണി.
തിരക്കേറിയ ഐ പി എല്‍ മത്സരക്രമത്തില്‍ ശാരീരികക്ഷമത എങ്ങനെ നിലനിര്‍ത്തണമെന്ന് തീരുമാനിക്കേണ്ടത് കളിക്കാര്‍ തന്നെയാണ്. സ്വന്തം ശരീരത്തെ എങ്ങനെ ബഹുമാനിക്കണമെന്നും ഐ പി എല്‍ പാര്‍ട്ടികളും മത്സരവും എങ്ങനെ സന്തുലിതമായി കൊണ്ടുപോവണമെന്നും കളിക്കാര്‍ തന്നെ തീരുമാനിക്കണം. കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുന്നതില്‍ ഇന്ത്യന്‍ ടീം പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ധോണി പറഞ്ഞു.
മികച്ച തുടക്കം ലഭിച്ചിട്ടും വന്‍സ്കോര്‍ പടുത്തുയര്‍ത്താനാവാഞ്ഞത് ശ്രീലങ്കന്‍ ബൌളര്‍മാരുടെ മികവ് കാരണമാണ്. കൃത്യമായ പദ്ധതിയ്ക്കനുസരിച്ചാണ് അവര്‍ ബൌള്‍ ചെയ്തത്. ക്രീസില്‍ നിലയുറപ്പിച്ച ബാറ്റ്‌സമാന് പോലും സ്വതന്ത്രമായി റണ്‍സ് സ്കോര്‍ ചെയ്യാനായില്ല. ബാറ്റിംഗാണ് നമ്മുടെ ശക്തി. എന്നിട്ടും അവസാന 4-5 ഓവറുകളില്‍ സ്കോര്‍ ചെയ്യാനാവാത്തതാണ് മത്സരത്തില്‍ നിര്‍ണായകമായതെന്നും ധോണി പറഞ്ഞു