അര്‍ജന്‍റീന ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനായി നിലവിലെ പരിശീലകനായിരുന്ന ആല്‍ഫിയോ ബാസിലെയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഡീഗോ മറഡൊണ നിഷേധിച്ചു. ബാസിലെയെ പരിശീലകസ്ഥാനം രാജിവെയ്ക്കാനായി മറഡോണ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ബാസിലെയുടെ മകനായ ആല്‍ഫിറ്റൊ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ബാസിലെയെ പുറത്താക്കാനുള്ള ഗൂഢാലോചനയില്‍ മറഡോണയ്ക്ക് പങ്കുണ്ടെന്നും ആല്‍ഫിറ്റൊ ആരോപിച്ചിരുന്നു.
ആല്‍ഫിറ്റോയുടെ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണെന്ന് മറഡോണ പറഞ്ഞു. അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ നന്‍മ മാത്രമേ താന്‍ ആഗ്രഹിച്ചിട്ടുള്ളൂവെന്നും മറഡോണ വ്യക്തമാക്കി. ബാസിലെയുമായി എനിക്ക് നല്ല ബന്ധമാണുളളത്. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1994മുതല്‍ ഉള്ളതാണ്. ബോക്കാ ജൂനിയേഴ്സിന്‍റെ പരിശീലകനെന്ന നിലയില്‍ പ്രതിസന്ധിയിലായിരുന്ന ബാസിലെ തന്നെ വിളിച്ച് ഒരിക്കല്‍ കരഞ്ഞിട്ടുണ്ടെന്നും മറഡോണ പറഞ്ഞു.
അര്‍ജന്‍റീനയുടെ പരിശീലകനാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പറഞ്ഞാല്‍ അത് നുണയാവും. ഞാന്‍ ആ സ്ഥാനം ആഗ്രഹിച്ചിരുന്നു. എന്നാല്‍ പരിശീലക സ്ഥാനം ഒഴിവു വന്നപ്പോള്‍ മാത്രമേ ഞാന്‍ അതിനു വേണ്ടി ശ്രമിച്ചിട്ടുള്ളു. അര്‍ജന്‍റീനയെ പരിശീലിപ്പിക്കുക എന്നത് എന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ മാറ്റരെങ്കിലും ആ ജോലി ചെയ്യുമ്പോള്‍ അത് തട്ടിപ്പറിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ആല്‍ഫിറ്റോ ഇപ്പോള്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കാനുള്ള കാരണമെന്തെന്ന് എനിക്ക് വ്യക്തമായി അറിയാം.
ഞാനും ആല്‍ഫിറ്റോയും തമ്മില്‍ മുന്‍പ് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ട്. പിന്നെ സ്വന്തം പിതാവിന്‍റെ ജോലി നഷ്ടമാകുമ്പോള്‍ ഏതൊരു മകനും ചെയ്യുന്നതേ ആല്‍ഫിറ്റോയും ചെയ്തുള്ളു. എങ്കിലും എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ ദു:ഖമുണ്ട്. അര്‍ജന്‍റീനിയന്‍ ദേശിയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായിരിക്കുക എന്നത് ഒരു അര്‍ജന്‍റീനക്കാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്നും മറഡോണ പറഞ്ഞു. 2008 ഒക്ടോബറിലാണ് ബാസിലെയുടെ പിന്‍ഗാമിയായി മറഡോണ അര്‍ജന്‍റീനയുടെ പരിശീലക സ്ഥാനമേറ്റെടുത്തത്