കഴിഞ്ഞ ദിവസം ലോകകപ്പിന്‍റെ പരിശീലന ക്യമ്പില്‍ ലയണല്‍ മെസിക്കേറ്റ പരുക്ക് തന്നെ ഞെട്ടിച്ചതായി അര്‍ജന്‍റീനയുടെ പരിശീലകന്‍ ഡീഗോ മറഡോണ. ഒരു ചാനല്‍ അഭിമുഖത്തിലാണ് മറഡോണ ഇക്കാര്യം തുറന്നു സമ്മതിച്ചത്.
മാസ്കെരാനോയുമായി കൂട്ടിയിടിച്ചാണ് മെസിയുടെ കാല്‍മുട്ടിന് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ മെസി വേദനകൊണ്ട് പുളഞ്ഞെങ്കിലും കൂട്ടിയിടിച്ച ഭാഗത്ത് ഐസ് തടവി അപ്പോള്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കിയതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാകുകയായിരുന്നു. ടീമിലെ എല്ലാവരും സ്തബ്ദരായി നിന്ന നിമിഷമായിരുന്നു അതെന്ന് മറഡോണ പറഞ്ഞു.
ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്‍റീന മെസിയുടെ മികച്ച ഫോമിനെയാണ് അധികവും ആശ്രയിക്കുന്നത്. മെസിക്ക് കുഴപ്പമൊന്നുമില്ലെന്നും തിങ്കളാഴ്ച കാനഡയ്ക്കെതിരെയുള്ള മത്സരത്തില്‍ മെസി ഗ്രൌണ്ടിലുണ്ടാകുമെന്നും മറഡോണ പറഞ്ഞു. മെസിയുടെ പരുക്ക് അര്‍ജന്‍റീനിയന്‍ മാധ്യമങ്ങള്‍ വലിയ സംഭവമായാണ് റിപ്പോര്‍ട്ട് ചെയ്തത്.
മെസിയുടെ ആരോഗ്യനില സംബന്ധിച്ച് ടീം ഡോക്ടറും അനുകൂല അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. പരുക്ക് നിസ്സാരമാണെന്നും വളരെ വേഗം സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്