ഇരുപത്തിനാലു വര്‍ഷം മുന്‍പ് മെക്സിക്കോ ലോകകപ്പില്‍ താന്‍ പുറത്തെടുത്ത മികവിനേക്കാള്‍ ഏറെ ഉയരത്തിലായിരിക്കും ഇത്തവണ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ലയണല്‍ മെസ്സി കളിക്കുകയെന്ന് അര്‍ജന്റീന പരിശീലകന് ഡീഗോ മറഡോണ. ഒരു സ്പോര്‍ട്സ് മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മറഡോണ.
‘1986 ലോകകപ്പില്‍ ഞാന്‍ പുറത്തെടുത്ത കളിയേക്കാള്‍ മികവുറ്റ കളിയായിരിക്കും മെസ്സി ഇത്തവണ പുറത്തെടുക്കുക. മറ്റ് കളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മെസ്സി ഏറെ ഉയരത്തിലാണ്. 1986ല്‍ ഞാന്‍ പന്തുകൊണ്ട് പുറത്തെടുത്ത ഇന്ദ്രജാലത്തെ മറ്റ് കളിക്കാര്‍ പിന്തുടരുകയായിരുന്നു.
ഇത് ആവര്‍ത്തിക്കണമെന്നാണ് മെസ്സിയോട് ഞാന്‍ പറഞ്ഞിരിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ മെസ്സിയ്ക്കായിട്ടുണ്ട്. ടൂര്‍ണമെന്റിലെ അര്‍ജന്റീനയുടെ മുന്നേറ്റം മെസ്സിയിലൂടെ ആവണമെന്നാണ് തന്റെ ആഗ്രഹമെന്നും മറഡോണ പറഞ്ഞു.
മെസ്സി അര്‍ജന്റീനയില്‍ ജനിച്ചതും അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നതെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. തനിക്ക് മേല്‍ പ്രതീക്ഷകളുടെ ഭാരമുണ്ടെന്ന് മെസ്സിയ്ക്കറിയാം. അതുകൊണ്ട് തന്നെ മറ്റ് താരങ്ങള്‍ക്ക് അദ്ദേഹം മാതൃകയാവുമെന്നാണ് കരുതുന്നതെന്നും മറഡോണ പറഞ്ഞു