മൂന്നാമത് ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ഫൈനല്‍ പ്രവേശനം നേടിയത്. പാകിസ്ഥാനെ മൂന്നു വിക്കറ്റിനാണ് ഓസ്ട്രേലിയ കീഴ്പ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. എന്നാല്‍, മറുപടി ബാറ്റിംഗിനെത്തിയെ ഓസീസിന്റെ മുന്‍നിര തകര്‍ന്നെങ്കിലും അവസാന ഓവറുകളില്‍ മൈക്കല്‍ ഹസ്സി നടത്തിയ വെടിക്കെട്ട് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന ഓവറുകള്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനെ മൈക്കല്‍ ഹസി ഒരു പന്ത് ബാക്കിനില്‍ക്കെ വിജയിപ്പിക്കുകയായിരുന്നു.
നേരത്തേ, മികച്ച ബാറ്റിംഗാണ് പാകിസ്ഥാന്‍ നടത്തിയത്. ഓപ്പണര്‍ കമ്രാന്‍ അക്മല്‍ 34 പന്തുകളില്‍ ആറു ഫോറും രണ്ടു സിക്സറുമായി 50 റണ്‍സെടുത്തപ്പോള്‍ 35 പന്തുകളില്‍ രണ്ടു ഫോറും നാലു സിക്സറുമായി ഉമര്‍ അക്മല്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു.
30 പന്തില്‍ നാലു ഫോറടക്കം 32 റണ്‍സെടുത്ത ഓപണര്‍ സല്‍മാന്‍ ബട്ടും തിളങ്ങി. കമ്രാനും ബട്ടും ഓപണിങ് വിക്കറ്റിന് 56 പന്തില്‍ ചേര്‍ത്ത 82 റണ്‍സാണ് പാകിസ്താന്റെ കൂറ്റന്‍ സ്കോറിന് അടിത്തറയിട്ടത്. ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി (എട്ട്), ഖാലിദ് ലത്തീഫ് (16), അബ്ദുറസാഖ് (12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍. മിസ്ബാഹുല്‍ ഹഖ് (പൂജ്യം) ഉമറിനൊപ്പം പുറത്താവാതെ നിന്നു.