കപ്പ് നേടുക എന്ന
ലക്‍ഷ്യം
നിറവേറ്റാനായി കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും താന്‍ തയ്യാറാണെന്ന് അര്‍ജന്‍റീനിയുടെ പരിശീലകനും
ഫുട്ബോള്‍ ഇതിഹാസവുമായ ഡീഗോ മറഡോണ.
ഇത്തവണ കപ്പ് അര്‍ജന്‍റീനിയന്‍ തലസ്ഥാനമായ
ബ്യൂണസ്അയേഴ്സിലെത്തുമെന്നും
മറഡോണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘കപ്പ് നേടാനായി ഞങ്ങള്‍ ഒരു സ്വപ്നം കണ്ട്
തുടങ്ങുകയാണ്. ആ സ്വപ്നത്തില്‍ സ്വയം വിശ്വസിയ്ക്കാനും
ശ്രമിക്കുന്നു. കളിക്കാരനെന്ന നിലയില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഞാനും ആകെ
പരിഭ്രാന്തനായിരുന്നു. എന്നാല്‍ ഇപ്പോള്‍
എനിക്ക് ആശങ്കയില്ല. കാരണം ഞാന്‍ തെരഞ്ഞെടുത്ത 23
കളിക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്.
ടീമിലെ ചിലര്‍ എനിക്ക് മക്കളെപ്പോലെയാണ്. ചിലര്‍ എന്‍റെ
ഇളയ സഹോദരന്‍മാരും. ഇതിനെല്ലാമുപരി
ഞാനാണ് ടീമിനെ നിയന്ത്രിക്കുന്നത്. എന്‍റേതായിരിക്കും അവസാന വാക്ക്. എങ്കിലും കളിക്കാരുമായി
സംസാരിച്ച് അവരുടെ അഭിപ്രായം കൂടി കേട്ടശേഷമേ
എന്തു തീരുമാനവും എടുക്കുകയുള്ളു.
എന്‍റെ കരിയറില്‍ സംഭവിച്ച എല്ലാ പിഴവുകളെക്കുറിച്ചും
ഞാന്‍ കളിക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആ
കെണികള്‍ അവരുടെ കരിയറില്‍ ആവര്‍ത്തിക്കരുതെന്നും
അവരെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. കോച്ച് എന്ന നിലയില്‍ ഞാന്‍ എന്‍റെ എന്‍റെ ജോലി
ആസ്വദിയ്ക്കുന്നു'. കളിക്കളത്തില്‍ വെറ്ററന്‍ താരം സെബാസ്റ്റ്യന്‍ വെറോണിന്‍റെയും
ഗബ്രിയേല്‍ ഹെന്‍സിയുടെയും നായകന്‍
മസ്കരാനോയുടെയും നിര്‍ദേശങ്ങള്‍ക്കാണ്‍ താന്‍ കൂടുതല്‍ വിലകല്‍പ്പിക്കാറുള്ളതെന്നും മറഡോണ
വ്യക്തമാക്കി.