പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോ നിര്‍മിച്ച് വാള്‍ട്ട് ഡിസ്നി വിതരണത്തിനെത്തിക്കുന്ന അപ് എന്ന 3ഡി ആനിമേഷന്‍ ചലച്ചിത്രം അങ്ങനെ ചരിത്രത്തിലിടം നേടുകയാണ്. ലോകമെങ്ങുമുള്ള കുട്ടികളെ ഹഠാദാകര്‍ഷിച്ചു എന്നതിനപ്പുറം അതിഭീകരമായ കലക്ഷനും അതിലേറെ ഓസ്കര്‍ നോമിനേഷനും വരെ നേടി അപ് ജൈത്രയാത്ര തുടരുകയാണ്.
ഡിസ്നി പിക്സറില്‍ നിന്നു മുമ്പ് പുറത്തിറങ്ങിയിട്ടുള്ള കാര്‍സ്, പൈന്‍ഡിങ് നിമോ തുടങ്ങിയ ആനിമേഷന്‍ സിനിമകള്‍ പോലെ തന്നെ ആവേശകരമാണ് അപിന്‍റെ ഇതിവൃത്തവും. സ്വന്തം വീട് ചെറിയ അനേകം ബലൂണുകളില്‍ കെട്ടി പറപ്പിച്ച് ലോകസഞ്ചാരം നടത്തുന്ന വൃദ്ധന്‍റെയും കുട്ടിയുടെയും കഥയാണ് അപ് എന്നു പറയാം. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചിത്രത്തിനു നല്‍കിയിരിക്കുന്ന സ്വീകരണം അന്യഗ്രഹജീവികളും അതിഭാവുകത്വം നിറഞ്ഞ വയലന്‍സും ഇല്ലാതെ നല്ല ചിത്രം വിജയിപ്പിക്കാം എന്നതിന്‍റെ തെളിവാണ്.
ചരിത്രത്തില്‍ ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രമാവുന്ന ആനിമേറ്റഡ് സിനിമയാണ് അപ്. അതുപോലെ തന്നെ ചരിത്രത്തില്‍ രണ്ടാമതായി ഓസ്കര്‍ അവാര്‍ഡിന് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടുന്ന ആനിമേറ്റഡ് ചിത്രമാണ് അപ്.
എല്ലാ റിവ്യൂകളും ജനപ്രീതിയുടെ അടിസ്ഥാനത്തിലുള്ള റേറ്റിങ്ങുകളും കഴിഞ്ഞ സീസണില്‍ അതിഭീകരമാം വിധം അപ്പിന് അനുകൂലമായിരുന്നു. ഫൈന്‍ഡിങ് നിമോയ്‍ക്കു ശേഷം പിക്സറിന്‍റെ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ സിനിമയാണ് അപ്.175 മില്യന്‍ ഡോളര്‍ മുതല്‍ മുടക്കിയെടുത്ത ചിത്രം 723 മില്യന്‍ ഡോളറാണ് സമ്പാദിച്ചത്. മികച്ച സിനിമയ്‍ക്കും തിരക്കഥയ്‍ക്കുമുള്ളതുള്‍പ്പെടെ അഞ്ച് ഓസ്കര്‍ നോമിനേഷനുകളാണ് അപ് നേടിയിരിക്കുന്നത്. നാല് ബാഫ്റ്റ അവാര്‍ഡ് നോമിനേഷനുകളും നേടിയിട്ടുണ്ട്. രണ്ട് ഗ്രാമിയും രണ്ട് ഗോള്‍ഡന്‍ ഗ്ലോബും നേടി അപ് ചരിത്രം സൃഷ്ടിച്ചു. പീറ്റ് ഡോക്ടര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ സംവിധായകനും സഹസംവിധായകനായ ബോബ് പീറ്റേഴ്‍സണും ചേര്‍ന്നാണ്.