കണങ്കാലിന് പരുക്കേറ്റ ജര്‍മ്മന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ മൈക്കല്‍ ബെല്ലാക്കിന് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ഉറപ്പായി. ലോകകപ്പിന് പ്രതീക്ഷയോടെ ഒരുങ്ങുന്ന ജര്‍മ്മനിക്ക് പന്തുരുളും മുന്‍പേ ഏറ്റ അപ്രതീക്ഷിത തിരിച്ചടിയായി ബെല്ലാക്കിന്‍റെ പിന്‍മാറ്റം.
ചെല്‍സിയയുടെ ഫോര്‍വേഡ് താരം കൂടിയായ ബെല്ലാക്കിന് ശനിയാഴ്ച പോര്‍ട്സ്മൌത്തിനെതിരെ നടന്ന എഫ്‌എ കപ്പ് ഫൈനലിനിടെയാണ് പരുക്കേറ്റത്. രണ്ട് മാസത്തെ വിശ്രമമാണ് ബെല്ലാക്കിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരുക്കും പുറത്താകലും അംഗീകരിക്കാന്‍ വിഷമമുണ്ടെന്നും താന്‍ നിരാശനാണെന്നുമായിരുന്നു ബെല്ലാക്കിന്‍റെ പ്രതികരണം.
ബെല്ലാക്കിന്‍റെ കാര്യത്തില്‍ ഉചിതമായ പരിഹാരത്തിന് ശ്രമം തുടങ്ങിയതായി ജര്‍മ്മന്‍ പരിശീലകന്‍ ജോയാഷിം ലൊയേവ് വ്യക്തമാക്കി. എല്ലിന് പൊട്ടല്‍ ഇല്ലെന്നായിരുന്നു കാലിന്‍റെ എക്സ്‌റേ പരിശോധനയില്‍ തെളിഞ്ഞത്. എന്നാല്‍ കടുത്ത വേദന കാരണം ബെല്ലാക്കിനെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
രണ്ടാഴ്ചയോളം ബെല്ലാക്കിന് പ്രത്യേക ഷൂ ധരിക്കേണ്ടി വരുമെന്നും കാലിന് പ്ലാസ്റ്റര്‍ ഇടേണ്ടി വരുമെന്നും അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയ ഡോക്ടര്‍ ഹാന്‍സ് വില്‍ഹെം മുള്ളര്‍ പറഞ്ഞു. അടുത്ത ലോകകപ്പിന് ബെല്ലാക്ക് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത സജീവമായിരിക്കെയാണ് പരുക്കിന്‍റെ രൂപത്തില്‍ അപ്രതീക്ഷിത തിരിച്ചടി ഇക്കുറി ബെല്ലാക്കിന് നേരിടേണ്ടിവന്നത്.