അരീക്കോട് (
മലപ്പുറം ): സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെ ഗാലറിതകര്‍ന്ന് നൂറിലധികം പേര്‍ക്ക് പരിക്ക്. തെരട്ടമ്മല്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ജനകീയ സെവന്‍സ് ഫുട്‌ബോള്‍ ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്.
സാരമായി പരിക്കേറ്റവരെ
മഞ്ചേരി ജനറല്‍ ആശപത്രിയിലും
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു
അപകടം . .
തെരട്ടമ്മല്‍ ജനകീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഡിഗാര്‍ഡ് അരീക്കോടും ഫിഫാ മഞ്ചേരിയുമായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രാത്രി 8.50നാണ് കളി തുടങ്ങിയത്.
ഒമ്പതുമണിയോടെയാണ് സ്‌റ്റേഡിയത്തിന്റെ വടക്കുഭാഗത്തെ ഗാലറി പിന്നിലേക്ക് തകര്‍ന്നുവീണത്. ഫിഫ മഞ്ചേരി നേടിയ ആദ്യഗോളിന്റെ ആവേശത്തിനിടയിലാണ് ഗാലറി തകര്‍ന്ന് ദുരന്തം ഉണ്ടായത്. കളി കാണാന്‍ അയ്യായിരത്തിലധികം പേരാണ് ഉണ്ടായിരുതെന്നാണ് സംഘാടകര്‍ പറയുന്നത്.
പത്തുതട്ടുകളുള്ള ഗാലറി നിര്‍മ്മിച്ചത് കവുങ്ങുകൊണ്ടാണ്. തകര്‍ന്ന ഗാലറിയുടെ അടിയില്‍പെട്ടാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. കളി കാണാന്‍ വൈകിയെത്തിയവര്‍ ഏറെയും വടക്കുഭാഗത്തെ ഗാലറിയിലാണ് കയറിയിരുന്നതെന്ന് പറയുന്നു. കഴിഞ്ഞയാഴ്ച നടക്കേണ്ട ഫൈനല്‍ മല്‍സരം മഴമൂലം മാറ്റിവച്ചതായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ സെവന്‍സ് ടൂര്‍ണമെന്റുകളിലൊന്നാണ് തെരട്ടമ്മല്‍ ജനകീയം.
മഴ പെയ്തു മണ്ണു കുതിര്‍ന്നതിനെത്തുടര്‍ന്ന് ഗാലറിയുടെ കാലുകള്‍ ഇളകിയതാണ് അപകടത്തിന് കാരണമായത്. സംഘാടകര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പറയുന്നുണ്ട്. ഗ്യാലറിയില്‍ ആവേശം അതിരു വിട്ടപ്പോള്‍ ആണ് അപകടംഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് സൂചന