അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന ലോകകപ്പ്
ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ ആക്രമണം നടത്താനുള്ള അല്‍ക്വൊയ്ദാ പദ്ധതി തകര്‍ത്തതായി
ഇറാഖി പൊലീസ് അറിയിച്ചു. ബാഗ്ദാദില്‍ അറസ്റ്റിലായ സൌദി സ്വദേശി അബ്ദുള്ള അസ്സം സലേ
മിസാഫര്‍ അല്‍ ഖത്താനി എന്നയാളില്‍ നിന്നാണ് പൊലീസിന് ആക്രമണ പദ്ധതിയെക്കുറിച്ച്
വിവരം ലഭിച്ചത്.
ഇയാള്‍ അല്‍ക്വൊയ്ദയിലെ രണ്ടാമനായ അയ്മന്‍ അല്‍ സവാഹിരിയുമായി ആക്രമണത്തിന്‍റെ
വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് പൊലീസ് വക്താവ് മേജര്‍ ജനറല്‍ ഖാസിം
അത്ത അവ്യക്തമാക്കി. എന്നാല്‍ ആക്രമണപദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല. സംഭവത്തെക്കുറിച്ച് ഇറാഖ് അധികൃതരുമായി
ബന്ധപ്പെട്ടു വരികയാണെന്ന് ദക്ഷിണാഫ്രിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പിന് ഒരുതരത്തിലുളള സുരക്ഷാ ഭീഷണിയും ഇല്ലെന്ന്
ദക്ഷിണാഫ്രിക്കന്‍ സുരക്ഷാ മേധാവികള്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ഖത്താനിയെ 2007ല്‍ യു എസ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ
വര്‍ഷം വിട്ടയക്കുകയായിരുന്നുവെന്നും ഖാസിം അത്ത പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 127 പേരുടെ മരണത്തിനിടയാക്കിയ ബാഗ്‌ദാദ് ഹോട്ടല്‍
സ്ഫോടനങ്ങളിലും ഖത്താനിയ്ക്ക് പങ്കുണ്ടെന്ന് അത്ത പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍
മത്സരങ്ങള്‍ക്കിടെ ആക്രമണം നടത്തുമെന്ന് കഴിഞ്ഞ മാസം അല്‍ക്വൊയ്ദ ഭീഷണി
മുഴക്കിയിരുന്നു.