സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പ്രൊഫഷന്റെ കാര്യത്തില്‍
തടസമാവില്ലെന്ന് തെളിയിക്കുകയാണ് മറ്റൊരു താരം കൂടി. ബ്രിട്ടിഷ് പോപ്
താരം ചെറില്‍ കോളാണ് കുടുംബപ്രശ്നങ്ങള്‍ക്ക് അവധി കൊടുത്ത് തന്റെ
പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലുമായി
ബന്ധപ്പെട്ട് കാനിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ മുപ്പതു മിനിറ്റ് നേരത്തെ
പെര്‍ഫോമന്‍സിനായി 2.2 കോടി രൂപയാണ് ചെറില്‍ പ്രതിഫലമായി വാങ്ങിയത്.
ഭര്‍ത്താവും ഇംഗ്ലിഷ് ഫുട്ബോള്‍ താരവുമായ ആഷ്ലി കോളില്‍ നിന്ന്
വേര്‍പിരിഞ്ഞ ചെറില്‍ പ്രൈവറ്റ് പെര്‍ഫോമന്‍സുകളുടെ പ്രതിഫലം
ഉയര്‍ത്തിയത് ഈയിടെയാണ്. കുടുംബപ്രശ്നങ്ങള്‍ സാമ്പത്തികമായി
ബാധിച്ചതോടെയാണ് പ്രതിഫലത്തുക ഉയര്‍ത്താന്‍ ചെറില്‍ തീരുമാനിച്ചത്.
ലക്ഷ്വറി ജ്വല്ലറി ഡി ഗ്രിസൊഗോണോ ഹോസ്റ്റ് ചെയ്യുന്ന കാന്‍ ഡിന്നര്‍
പാര്‍ട്ടിയിലും ചെറില്‍ പങ്കെടുക്കും. നവോമി കാംപെല്‍, മാര്ഗെരിറ്റ
മിസ്സോണി തുടങ്ങിയ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന വിരുന്നില്‍ പാടാനായി
വിലയേറിയ ജ്വല്ലറിയും ചെറിലിനു പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്ന്
റിപ്പോര്‍ട്ടുകള്‍. ഹോട്ടല്‍ ഡ്യു ക്യാപ്പില്‍ സംഘടിപ്പിക്കുന്ന
ചടങ്ങില്‍ വെറും മുപ്പതു മിനിറ്റ് നേരത്തേക്കാണ് ചെറിലിന്റെ
പെര്‍ഫോമന്‍സ്. ഒന്‍പതു കോടി രൂപയാണ് ടെലിവിഷന്‍ ടാലന്റ് ഷോയായ
എക്സ്-ഫാക്റ്ററില് വിധികര്‍ത്താവായി എത്താന്‍ ചെറില്‍ വാങ്ങുന്നത്. ഈ
വര്‍ഷം അതും ഉയരാന്‍ സാധ്യതയുണ്ട്. പരസ്യങ്ങളില്‍ അഭിനയിക്കാന്‍ വാങ്ങിയത്
നാലരക്കോടി വീതം. ആഷ്ലിയുമായി വേര്‍പിരിഞ്ഞെങ്കിലും കാശിന്റെ
കാര്യത്തില്‍ തോറ്റുകൊടുക്കാന്‍ ചെറില്‍ തയാറല്ലെന്ന് അര്‍ഥം.
പ്രതിഫലത്തുക ഉയര്‍ത്തിയതോടെ അണ്ടര്‍ 30 റിച്ച് ലിസ്റ്റ് ഫോര്‍
മ്യൂസിഷ്യന്സില് ഇടം നേടാനും ചെറിലിനു കഴിഞ്ഞു.