ലോകകപ്പ് ടീം പ്രഖ്യാപനത്തിനെത്തിയ അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം പരിശീലകന് ഡീഗൊ മറഡോണ മാധ്യമപ്രവര്ത്തനുമേലെ കാര്‍ കയറ്റിയതായി ആരോപണം. ടീം പ്രഖ്യാപനത്തിനായി മറഡോണ എത്തിയതറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാറിനു ചുറ്റും തടിച്ചുകൂടിയപ്പോഴണ് സംഭവം.
മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കിനുമിടെ ഒരു മാധ്യമപ്രവര്ത്തകന് നിലത്തു വീണു. ഇത് കാണാതെ മറഡോണയുടെ കാര്‍ വീണ്ടും മുന്നോട്ട് നീക്കിയപ്പോഴാണ് ഇയാളുടെ കാലിനുമുകളിലൂടെ കാര്‍ കയറി പോയത്. ഇതു കണ്ട മറഡോണ മാധ്യമപ്രവര്‍ത്തകനെ കാറിനുള്ളിലിരുന്ന് ചീത്തവിളിക്കുകയും ചെയ്തു.
‘എന്തൊരു കഴുതയാടോ താന്‍, കാര്‍ പോവുന്ന വഴിയില്‍ കാല് കയറ്റി വെയ്ക്കുകയാണോ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോട് ഉച്ചത്തില്‍ വിളിച്ചു ചോദിച്ചത്. പിന്നീട് മെഡിക്കല്‍ സംഘമെത്തി മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. മാര്‍ച്ചില്‍ സ്വന്തം നായ മറഡോണയുടെ മുഖത്ത് കടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം മുഖത്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു