മറ്റൊരു
ലാറ്റിനമേരിക്കന്‍ - യൂറോപ്പ് പോരാട്ടം. ഇതുവരെ ഇരു രാജ്യങ്ങളും മൂന്ന്
തവണ നേര്‍ക്കു നേര്‍ വന്നപ്പോള്‍ രണ്ടിലും സമനില. ഒന്നില്‍ സ്പെയ്ന്‍
ജയിച്ചു. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടങ്ങളില്‍ മാത്രമാണ് ഇരു ടീമുകളും
ഇതിന് മുന്‍പ് ഏറ്റുമുട്ടിയത്. 1998 ല്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം.
2002 ല്‍ സ്പെയ്ന്‍ ജയിച്ചു, ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക്.
സ്പെയ്ന്‍
നാലു തവണ മാത്രം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച സ്പെയ്ന്‍ ഇതുവരെ
സെമിഫൈനല്‍ കണ്ടിട്ടില്ല. ഇത്തവണ യൂറോപ്യന്‍ ചാംപ്യന്‍മാരെന്ന
ലേബലിലെത്തിയിട്ടും തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ മത്സരത്തില്‍
സ്വിറ്റ്സര്‍ലന്‍ഡിനെതിരേ 1-0ത്തിന് കീഴടങ്ങല്‍. ടീമിനെതിരേ
വിമര്‍ശനങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും രണ്ടാം പോരില്‍ ഹോണ്ടുറാസിനെ 2-0
ന് തകര്‍ത്ത് പ്രതീക്ഷകള്‍ സജീവമാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍
ലാറ്റിനമേരിക്കന്‍ ടീം ചിലിയെ 2-1 ന് കീഴടക്കി ഗ്രൂപ്പ് ചാംപ്യന്‍മാരായി
മുന്നേറ്റം. പ്രീ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ
പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനു തകര്‍ത്തു.
ഡേവിഡ് വിയയുടെ ഫയറിങ് ബൂട്ടുകളും സാവിയും ആന്ദ്രെ ഇനിയസ്റ്റെയും
നയിക്കുന്ന മധ്യനിരയും സ്പെയ്ന്‍റെ മുഖ്യായുധം. ടൂര്‍ണമെന്‍റിലെ
താരങ്ങളാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സ്ട്രൈക്കര്‍ ഫെര്‍ണാന്‍ഡൊ
ടോറസും മിഡ്ഫീല്‍ഡര്‍ സെസ്ക് ഫാബ്രെഗസും
പ്രതീക്ഷയ്ക്കൊത്തുയര്‍ന്നിട്ടില്ല. ജെറാര്‍ഡ് പിക്കും യൊവാന്‍
കപ്ഡെവിലയും നയിക്കുന്ന പ്രതിരോധം ക്യാപ്റ്റനും ഗോളിയുമായ ഇകര്‍
കാസിയസിന്‍റെ ജോലിഭാരം കുറയ്ക്കുന്നു.
പരാഗ്വെ
നിലവിലുള്ള ചാംപ്യന്‍മാരായ ഇറ്റലിയുടെ പുറത്താകല്‍ കണ്ട എഫ് ഗ്രൂപ്പില്‍
നിന്ന് ചാംപ്യന്‍മാരായാണ് പരാഗ്വെ മുന്നേറിയത്. ആദ്യ മത്സരത്തില്‍
ഇറ്റലിയെ 1-1 സമനിലയില്‍ തളച്ച പരാഗ്വെ അടുത്ത മത്സരത്തില്‍ സ്ലൊവാക്യയെ
എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി. അവസാന പോരില്‍ ന്യൂസിലന്‍ഡിനോട്
ഗോള്‍ രഹിത സമനിലയും വഴങ്ങി. പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ ടീം
ജപ്പാനെതിരേ നിശ്ചിത സമയത്ത് 0-0 ആയിരുന്നു ഫലം. പെനല്‍റ്റി ഷൂട്ടൗട്ടില്‍
5-3 ജയത്തോടെ ക്വാര്‍ട്ടറിലേക്ക്.
പ്രതീക്ഷിച്ചതു പോലെ റോക്കി സാന്‍റാക്രൂസാണ് ടീമിന്‍റെ ആണിക്കല്ല്.
മിഡ്ഫീല്‍ഡര്‍മാര്‍ ക്രിസ്റ്റ്യന്‍ റിവറോസും എന്‍റിക്കെ വെരയും
ഫോമിലേക്കുയര്‍ന്നതും ആശ്വാസം. രണ്ടു വീതം ഗോളുകള്‍ ഇരുവരും
പേരിലാക്കിയിട്ടുണ്ട്. പ്രതിരോധ താരം അന്‍റോളിന്‍ അല്‍കരാസും രണ്ട്
ഗോളുകള്‍ വലയിലാക്കി.