ചാമ്പ്യന്‍സ് ലീഗ് ഇന്റര്‍മിലാന്. മാഡ്രിഡില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയണ്‍ മ്യൂണിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്റര്‍മിലാന്‍ കിരീടം നേടിയത്. നാലരപ്പതിറ്റാണ്ടിനു ശേഷമാണ് ഇന്റര്‍മിലാന് യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടം കരസ്ഥമാക്കുന്നത്.
അര്‍ജന്റീനിയന്‍ താരം ഡീഗോ മിലിറ്റോയാണ് രണ്ട് ഗോളുകളും നേടിയത്. 35, 70 മിനിറ്റുകളിലായി നേടിയ ഗോളുകള്‍ ഇന്റര്‍മിലാണ് കിരീടം സമ്മാനിക്കുകയായിരുന്നു. ഈ കിരീടത്തോടെ ഒരു സീസണില്‍ മൂന്ന് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ഇറ്റാലിയന്‍ ടീമെന്ന നേട്ടവും ഇന്റര്‍ സ്വന്തമാക്കി. ഇറ്റാലിയന്‍ ലീഗ്, ലീഗ് കപ്പ് എന്നിവ നേരത്തേ ഇന്റര്‍ മിലാന്‍ സ്വന്തമാക്കിയിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പോരാട്ടം നടത്തിയ ബയണ്‍ മ്യൂണിക്കിന് വിജയം മാത്രം നേടാനായില്ല. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചതാണ് ഇന്ററിന് നേട്ടമായത്. കളിയുടെ മുപ്പത്തിയഞ്ചാം മിനുറ്റില്‍ വെസ്ലി സ്‌നൈഡര്‍ പന്ത് ഡീഗോ മിലിറ്റോയ്ക്ക് മറിച്ചുനല്‍കി. അവസരം മുതലക്കാന്‍ ഡീഗോ മിലിറ്റോ മറന്നില്ല, ഇന്ററിന് ലീഡ്. പിന്നീട് പൊരുതി കളിച്ച ബയണ്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇന്ററിന്റെ പ്രതിരോധനിര മികച്ച പ്രകടനമാണ് നടത്തിയത്.