ലങ്ഡ ത്യാഗി എന്ന വേഷം തീരെ പ്രതീക്ഷിക്കാതെയാണ് ബോളിവുഡിന്റെ ചോക്കലേറ്റ് ബോയ് സെയ്ഫ് അലി ഖാനെ തേടിയെത്തിയത്. വിശാല്‍ ഭരദ്വാജിന്റെ ഓംകാരയില്‍ ഇത്രയും മനോഹരമായ വേഷം തനിക്കു കിട്ടിയതിന്റെ സന്തോഷം സെയ്ഫിന്റെ മനസില്‍ നിന്ന് ഇനിയും മാറിയിട്ടില്ല. കോമഡി ഹീറോ എന്ന ലെവലില്‍ നിന്ന് വില്ലന്‍ വേഷത്തിലേക്കുള്ള മാറ്റമായിരുന്നു സെയ്ഫിന് ഓംകാര സമ്മാനിച്ചത്. ഇപ്പോഴിതാ വിശാലിന്റെ പുതിയ ചിത്രത്തിലേക്കും സെയ്ഫിനെ വിളിക്കുന്നു. സ്ക്രിപ്റ്റിന്റെ വര്‍ക്ക് തുടങ്ങിക്കഴിഞ്ഞു. ഓം കാരയുടെ വിജയം തന്നെയാണ് വീണ്ടും സെയ്ഫ്-വിശാല്‍ ജോടി ഒന്നിക്കാന്‍ കാരണം. സെയ്ഫിന് അഭിനയിക്കാന്‍ അറിയാം എന്നു തെളിയിച്ച ചിത്രത്തിനു ശേഷം എത്തുന്ന സിനിമയും മോശമാകാന്‍ ഇടയില്ല.
രണ്ടുപേരും അവരവരുടെ തിരക്കുകളിലാണെങ്കിലും ഒന്നിച്ചൊരു ചിത്രത്തെക്കുറിച്ച് തീരുമാനമെടുത്തു കഴിഞ്ഞു. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും. സ്ക്രിപ്റ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ പുതിയ ചിത്രത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാന്‍ സമയമായിട്ടില്ലെന്ന് സെയ്ഫ് പറയുന്നു. എങ്കിലും ഇരുവരും ഒന്നിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഉണ്ടാവുമെന്ന് ഉറപ്പു പറയുകയാണ് സെയ്ഫ്. തനിക്ക് മികച്ച ഒരു കഥാപാത്രവും കൂടി നല്കാന് വിശാലിനു കഴിയുമെന്നു തന്നെയാണ് സെയ്ഫിന്റെ വിശ്വാസം. ഓംകാരയ്ക്കു വേണ്ടി ഒഥല്ലോ സ്വീകരിച്ച വിശാല്‍ പുതിയ ചിത്രത്തിനായി ഏതു ക്ലാസിക് തെരഞ്ഞെടുക്കുമെന്നാണ് സുഹൃത്തുക്കളുടെ സംശയം.