ജൊഹാന്നസ്ബര്ഗ്ലോക ചാംപ്യന്‍മാരെന്ന പെരുമയുമായെത്തിയ ഇറ്റലി എങ്ങനെ ലോകകപ്പിന്‍റെ
ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെന്നു കോച്ച് മാഴ്സെലോ ലിപ്പി
വിശദീകരിക്കുന്നു. ടീമിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ കോച്ചെന്ന
നിലയില്‍ താന്‍ പരാജയപ്പെട്ടു. അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും
ഏല്‍ക്കുന്നു. പ്രായമേറുന്ന താരങ്ങള്‍ പേടിയോടെയാണു കളത്തിലിറങ്ങിയത്....
അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്ലൊവാക്യയോടു തോറ്റ ഇറ്റലിക്ക് ഈ
ലോകകപ്പില്‍ ഒരു കളി പോലും ജയിക്കാനായില്ല. പക്ഷേ, ഇതിലേറെ മുന്നോട്ടു
പോകാന്‍ ഈ ടീമിനു സാധിക്കുമായിരുന്നു എന്നാണ് ലിപ്പി പറയുന്നത്. ഇതിലേറെ
ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. പക്ഷേ, കാലുകളിലും
ഹൃദയങ്ങളിലും നിറഞ്ഞ ഭയവുമായി കളിക്കുന്നവരെ കാണുമ്പോള്‍ തന്നെ
മനസിലാക്കാം, അവര്‍ തോറ്റു കഴിഞ്ഞെന്ന്- വെറ്ററന്‍ കോച്ച്
വ്യക്തമാക്കുന്നു.
സ്ലൊവാക്യയ്ക്കെതിരായ മത്സരത്തില്‍ അവസാന 10 മിനിറ്റൊഴികെ ആശയക്കുഴപ്പം
നിറഞ്ഞതും അലക്ഷ്യവുമായിരുന്നു ഇറ്റലിയുടെ ആക്രമണങ്ങള്‍. മൂന്നു
മത്സരങ്ങളിലും മൂന്നു വ്യത്യസ്ത കോംബിനേഷനുകളാണു ലിപ്പി പരീക്ഷിച്ചത്.
പക്ഷേ, വിന്നിങ് കോംബിനേഷന്‍ മാത്രം കണ്ടെത്താനായില്ല.
ഇറ്റലി ലോകകപ്പ് നേടിയപ്പോള്‍ നിര്‍ണായക റോളായിരുന്നു എന്‍റേത്. തോല്‍ക്കുമ്പോഴും അതു തന്നെ- ലിപ്പി പറയുന്നു.
2006ല്‍ ഇറ്റലി ലോകകപ്പ് നേടുമ്പോള്‍ ഏഴു മത്സരങ്ങളില്‍ രണ്ടു ഗോള്‍
മാത്രമാണവര്‍ വഴങ്ങിയത്. ഇത്തവണ മൂന്നു കളിയില്‍ അഞ്ചു ഗോള്‍ വഴങ്ങി.
പരാഗ്വെയ്ക്കും ന്യൂസിലന്‍ഡിനുമെതിരേ ജയിക്കാതിരുന്നതിന് അനശ്വരനായ
ഫാബിയോ കന്നാവരോയുടെ പ്രതിരോധ പിഴവുകളും കാരണമായി. ഇറ്റാലിയന്‍ ടീമിലെ
ഒമ്പതു പേര്‍ക്കും മുപ്പതിനു മുകളിലായിരുന്നു പ്രായം.
അതേസമയം, കുറ്റം ലിപ്പിയുടേതു മാത്രമല്ല, എല്ലാവരുടേതുമാണെന്നു ഡിഫന്‍ഡര്‍
ഗിയാന്‍ലൂക്ക സംബ്രോട്ട പറയുന്നു. ഇറ്റാലിയന്‍ ഫുട്ബോള്‍ ഇനി
അധഃപതിക്കാനില്ലെന്നാണ് മിഡ്ഫീല്‍ഡര്‍ ഗന്നാരോ ഗട്ടൂസോ പറഞ്ഞത്.
ഹെല്‍മറ്റും ധരിച്ചേ ഇനി നാട്ടിലിറങ്ങാന്‍ കഴിയൂ. വിമര്‍ശനങ്ങള്‍
സ്വീകരിക്കും- ഗട്ടൂസോ കൂട്ടിച്ചേര്‍ത്തു.
പ്രായമേറിയെങ്കിലും പ്രതിഭാധനരായ ഫ്രാന്‍സെസ്കോ ടോട്ടിക്കും അലസാന്ദ്രോ
ദെല്‍പിയറോയ്ക്കും ലൂക്ക ടോണിക്കും ലിപ്പി തന്‍റെ ടീമില്‍ ഇടം
നല്‍കിയിരുന്നില്ല. യുവ സ്ട്രൈക്കര്‍മാരായ അന്‍റോണിയോ കസാനോയും മരിയോ
ബലോറ്റെല്ലിയും ഒഴിവാക്കപ്പെട്ടു. മിഡ്ഫീല്‍ഡര്‍ ആന്ദ്രെ പിര്‍ലോയുടെയും
ലോകോത്തര ഗോളി ജിയാന്‍ലൂജി ബഫണിന്‍റെയും പരുക്കും ടീമിനെ ബാധിച്ചു.
ടീമിന്‍റെ പ്രകടനത്തെ നാണക്കേടെന്നാണ് പിര്‍ലോയും വിശേഷിപ്പിച്ചത്.
പിര്‍ലോയ്ക്കൊപ്പം കന്നാവരോയ്ക്കും ഇത് അവസാന ലോകകപ്പ് തന്നെ.
ലിപ്പിക്കു പകരം സീസര്‍ പ്രാന്‍ഡെല്ലി ഇറ്റാലിയന്‍ പരിശീലകനുമാകും.
ഇതിനു മുന്‍പ് 16 ലോകകപ്പ് കളിച്ച ഇറ്റലി നാലു തവണ കിരീടം നേടി. പക്ഷേ, ഒരു മത്സരം പോലും ജയിക്കാതെ മടങ്ങേണ്ടി വരുന്നത് ഇതാദ്യം