Subject: താരങ്ങള്‍ കൊഴിയുന്നു Tue Jun 01, 2010 7:34 pm
പാരിസ് സന്നാഹ മത്സരങ്ങള്‍ കൊഴുക്കുമ്പോള്‍ പ്രധാന താരങ്ങള്‍ പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് കൊഴിയുന്ന പ്രവണതയും തുടരുന്നു. ജര്‍മനിയുടെ ഹീകൊ വെസ്റ്റര്‍മാനും ദക്ഷിണ കൊറിയയുടെ ക്വാക് ടെ-ഹ്വിയുമാണ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ബൂട്ട് കെട്ടാന്‍ കഴിയാതെ പുറത്തായവരുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍. ബെലാറസിനെതിരേ സൗഹൃദ മത്സരത്തിനിടെയാണ് കൊറിയന്‍ പ്രതിരോധ താരം ക്വാക്കിന്‍റെ കാല്‍മുട്ടിന് പരുക്കേറ്റത്. ഇതേ പരുക്കിനെത്തുടര്‍ന്ന് വളരെക്കാലം പുറത്തു നിന്ന ക്വാക്ക് കഴിഞ്ഞ നവംബറിലാണ് ടീമില്‍ തിരികെയെത്തിയത്. കുറഞ്ഞത് നാലാഴ്ചയെങ്കിലും ക്വാക്കിന് വിശ്രമം വേണ്ടി വരും. പകരക്കാരനായി കാങ് മിന്‍ സൂവിനെ കൊറിയ 23 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. ക്യാപ്റ്റന്‍ മൈക്കിള്‍ ബല്ലാക്കുള്‍പ്പെടെ പ്രമുഖരുടെ പിന്മാറ്റങ്ങള്‍ക്കു ശേഷം ജര്‍മനിക്കു കനത്ത തിരിച്ചടിയാണ് വെസ്റ്റര്‍മാന്‍റെ പുറത്താകല്‍. ഹംഗറിക്കെതിരേ മൂന്നു ഗോളിനു ജയിച്ച മത്സരത്തിനിടെയാണ് വെസ്റ്റര്‍മാന്‍റെ കാല്‍പ്പാദം ഒടിഞ്ഞത്.