ബോളിവുഡില്‍ സിനിമകള്‍ മാത്രമല്ല, താരങ്ങളും ബോക്സോഫിസില്‍ ഫ്ളോപ്പാകുന്നോ എന്നു സംശയം. അഡ്വാന്‍സ് ടാക്സ് അടച്ചതിന്‍റെ കണക്കുകള്‍ പുറത്തുവിട്ടപ്പോഴാണ് ബോളിവുഡിലെ വന്‍തോക്കുകളുടെ വരുമാനം കുറയുന്നതായി കണ്ടെത്തിയത്. പെട്ടെന്നൊരു കുതിച്ചു ചാട്ടം ഉണ്ടായിക്കൂടെന്നില്ല, എന്നാല്‍ തല്‍ക്കാലം പെഴ്സുകള്‍ക്ക് കനം കുറവ്.
ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍, ഹൃത്വിക് റോഷന്‍... 2010 അത്ര സുഖകരമായിരിക്കില്ല എന്ന് താരരാജാക്കന്മാര്‍ക്ക് തോന്നല്‍. പതിനെട്ടു കോടി മാത്രമാണ് അക്ഷയ്കുമാര്‍ അഡ്വാന്‍സ് ടാക്സ് അടച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അക്ഷയ് അടച്ചത് മുപ്പത്തൊന്നു കോടി രൂപ. നാല്‍പ്പത്തിരണ്ടു ശതമാനത്തിന്‍റെ ഇടിവ്. എങ്കിലും ഇത്തവണയും അക്ഷയ് തന്നെയാണ് ഏറ്റവും കൂടുതല്‍ തുക നികുതി കൊടുത്ത താരം.
തൊട്ടു പിന്നില്‍ അമീര്‍ ഖാന്‍. കഴിഞ്ഞ വര്‍ഷത്തെ കണക്കു നോക്കിയാല്‍ അമീറിനാണ് നേട്ടം. പന്ത്രണ്ടു കോടിയിലധികം രൂപയാണു അമീര്‍ മുന്‍കൂര്‍ കൊടുത്തത്. കഴിഞ്ഞ തവണ പതിനൊന്നു കോടിയേ കൊടുത്തുള്ളൂ. പതിമൂന്നു ശതമാനത്തിന്‍റെ വര്‍ധന. മുന്‍കൂര്‍ നികുതി കൊടുത്തതിന്‍റെ കണക്കുവച്ചു നോക്കിയാല്‍, വരുമാനം പകുതിയോളം കുറഞ്ഞ ഒരുപാടു പേരുണ്ട് ബോളിവുഡില്‍. അക്ഷയ്കുമാര്‍, ഷാരുഖ് ഖാന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, സോനു നിഗം...
കഴിഞ്ഞകൊല്ലം മുപ്പത്തൊന്നു കോടി രൂപ കൊടുത്ത കിങ് ഖാന്‍ ഇക്കൊല്ലം കൊടുത്തത് വെറും ഒന്‍പതു കോടിയിലധികം രൂപ. ഷാരുഖ് ഖാന് എഴുപതു ശതമാനത്തോളം ഇടിവ്. ഒരേ തൂവല്‍പ്പക്ഷിയായി ഹൃത്വിക് റോഷനും ലിസ്റ്റിലുണ്ട്. പതിനാലു കോടി രൂപ നികുതിയടച്ച ഹൃത്വിക് ഇക്കൊല്ലം ഏഴു കോടിയേ അടച്ചിട്ടുള്ളൂ. ഐശ്വര്യ റായ് ബച്ചനും, കരീന കപൂറുമൊക്കെ കഴിഞ്ഞതവണത്തേതിലും കുറഞ്ഞ തുകയാണ് അഡ്വാന്‍സ് ടാക്സ് അടച്ചത്.
ബോളിവുഡിന്‍റെ ഈ ട്രെന്‍ഡ് തകര്‍ത്ത താരങ്ങളും ലിസ്റ്റിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതിലും നികുതി മുന്‍കൂര്‍ കൊടുത്തവര്‍. അമിതാഭ് ബച്ചന്‍, ഷാഹിദ് കപൂര്‍, റാണി മുഖര്‍ജി, രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ പ്ലസ് ലിസ്റ്റിലാണ്.
ക്രിക്കറ്റിന്‍റെ കാര്യത്തിലുമുണ്ട് ഒട്ടും കുറയാത്ത നികുതിത്തുക. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുന്‍കൂര്‍ അടച്ചത് ആറു കോടിയിലധികം രൂപ, തൊട്ടുപുറകെ അഞ്ചു കോടി നല്‍കി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി.