ബ്ലുംഫൊന്റെയ്ന്പരുക്കേറ്റ് സൈഡ്ബഞ്ചിലായിരുന്ന സൂപ്പര്‍ താരം റോക്കി സാന്‍റാക്രൂസിന്‍റെ
തിരിച്ചുവരവോടെ ആകെ മാറി പരാഗ്വെ. ലോകചാംപ്യന്‍മാരായ ഇറ്റലിയെ
സമനിലയില്‍ പിടിച്ച് ലോകകപ്പ് ക്യാംപെയ്ന് തുടക്കമിട്ട ശേഷം എഫ്
ഗ്രൂപ്പില്‍ ആദ്യ ജയം നേടുന്ന ടീമെന്ന ഖ്യാതിയും പരാഗ്വെയ്ക്ക്.
യൂറോപ്പില്‍ നിന്നുള്ള ലോകകപ്പ് അരങ്ങേറ്റക്കാര്‍ സ്ലൊവാക്യയെ
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണവര്‍ മറികടന്നത്. രണ്ടും
മിഡ്ഫീല്‍ഡര്‍മാരുടെ ബൂട്ടില്‍ നിന്ന്. ജയത്തോടെ നോക്കൗട്ട് റൗണ്ട്
സാധ്യത വര്‍ധിപ്പിക്കാനുമായി.
തുടക്കം മുതല്‍ കണ്ട പരാഗ്വെന്‍ ആധിപത്യം ഇരു ഹാഫുകളിലും ഓരോ ഗോളുകളായി
പരിണമിച്ചു. എന്‍റിക് വേര ആദ്യ ഗോളടിച്ചപ്പോള്‍, കളി കഴിയാന്‍ അഞ്ചു
മിനിറ്റ് മാത്രം ശേഷിക്കെ ക്രിസ്റ്റ്യന്‍ റിവെറോസാണു പട്ടിക തികച്ചത്.
സ്ലൊവാക്യയുടേതായി ഗോള്‍ ഷോട്ടുകള്‍ പോലും വിരളം.
ഇറ്റലിക്കെതിരേ ഒരു പോയിന്‍റ് സ്വന്തമാക്കാനായതിന്‍റെ ആവേശത്തില്‍
തുടക്കം മുതല്‍ ആക്രമണത്തിലൂന്നുകയായിരുന്നു പരാഗ്വെ. ലൂക്കാസ് ബാരിയോസും
റോക്കി സാന്‍റാക്രൂസും ആദ്യ അഞ്ച് മിനിറ്റില്‍ത്തന്നെ പോസ്റ്റ്
ലക്ഷ്യമാക്കി ഷോട്ടുകളുതിര്‍ത്തു. അതോടെ സ്ലൊവാക്യ പൂര്‍ണ
പ്രതിരോധത്തിലായി.
ബാരിയോസിന്‍റെ പാസില്‍ നിന്ന് 27ാം മിനിറ്റിലാണ് വേര ഓപ്പണിങ് ഗോള്‍
കണ്ടെത്തുന്നത്. പെനല്‍റ്റി ഏരിയയില്‍ പാസ് സ്വീകരിച്ച വേര ബൂട്ടിന്‍റെ
വശം കൊണ്ട് ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കി. ഗോള്‍ വീണതോടെ
സ്ലൊവാക്യയുടേതായി മുന്നേറ്റങ്ങള്‍. പക്ഷേ, ശ്രമങ്ങളെല്ലാം നിഷ്ഫലം.
ഫിനിഷിങ്ങിലെ പോരായ്മ പുതുമുഖങ്ങളെ ഏറെ ബാധിച്ചു.
രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റില്‍ പോരാട്ടം മിഡ്ഫീല്‍ഡില്‍ മാത്രം
ഒതുങ്ങി. ഒടുവില്‍ 71ാം മിനിറ്റില്‍ വണ്‍ ടച്ച് പാസുകളുടെ മാസ്മരികതയില്‍
വേരയ്ക്ക് രണ്ടാം ഗോള്‍ വലയിലാക്കാന്‍ സുവര്‍ണാവസരം. സാന്‍റാക്രൂസിന്‍റെ
അളന്ന് മുറിച്ച ക്രോസ് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും പന്ത്
ഇഞ്ചുകള്‍ക്ക് വ്യത്യാസത്തില്‍ പുറത്തേക്ക്. ഇതോടെ വീണ്ടും മത്സരം
ഉണര്‍ന്നു. 85ാം മിനിറ്റില്‍ ലാറ്റിനമേരിക്കന്‍ ടീമിന്‍റെ വിജയമുറപ്പിച്ച
റിവറോസിന്‍റെ വിജയഗോളും വീണതോടെ ഫലം നിര്‍ണയിക്കപ്പെട്ടു. ഫ്രീ കിക്ക്
സ്വീകരിച്ചായിരുന്നു റിവറോസിന്‍റെ ഗോള്‍.
എക്സ്ട്രാ ടൈമില്‍ വിറ്റക്ക് തൊടുത്ത ഡ്രൈവ് പരാഗ്വെ കീപ്പര്‍ ജസ്റ്റൊ
വില്ലര്‍ തടുത്തിട്ടതോടെ ആശ്വാസ ഗോളെന്ന സ്ലൊവാക്യന്‍ സ്വപ്നവും വിഫലം