കേപ്ടൗണ്പോര്ച്ചുഗല് - ഉത്തര കൊറിയ മത്സരത്തിന്‍റെ ആദ്യ പകുതി
അവസാനാക്കാറായപ്പോഴാണ് ദക്ഷിണാഫ്രിക്കയില്‍ മഴ വന്നത്. രണ്ടാം പകുതി
തുടങ്ങിയതോടെ മഴ കനത്തു, പിന്നെ കൊറിയന്‍ ഗോള്‍ വലയിലേക്ക്
പോര്‍ച്ചുഗീസ് ഗോള്‍ മഴ തുള്ളിക്കൊരു കുടം.
യൂറോപ്പിലെ ബ്രസീലെന്നാണ് പോര്‍ച്ചുഗലിനെ വിളിക്കാറ്. യൂസേബിയോയെയും
ലൂയിസ് ഫിഗോയെയും കണ്ടിട്ടുള്ളവര്‍ ചോദിക്കില്ല അതെന്തുകൊണ്ടെന്ന്.
പക്ഷേ, ഇന്നലെ കണ്ടതു ലാറ്റിനമേരിക്കന്‍ താളക്കൊഴുപ്പല്ല, ലോങ് പാസുകളും
ഫസ്റ്റ് ടച്ചുകളുമായി കളം നിറഞ്ഞ പോര്‍ച്ചുഗീസ് ടോട്ടല്‍ ഫുട്ബോള്‍.
ഒന്നും രണ്ടുമല്ല, ഏഴു ഗോളുകളാണ് കൊറിയന്‍ വലയിലേക്ക് ഒന്നിനു പുറകേ
ഒന്നായി പാഞ്ഞു കയറിയത്. അവയ്ക്ക് അവകാശികള്‍ ആറു പേര്‍- റൗള്‍ മെയ്റേലസ്,
സിമാവോ, ഹ്യൂഗോ അല്‍മെയ്ഡ, തിയാഗോ (2), ലീഡ്സണ്‍, ക്രിസ്റ്റ്യാ നോ
റൊണാള്‍ഡോ.
ഇതു യഥാര്‍ഥ പോര്‍ച്ചുഗല്‍, ഐവറി കോസ്റ്റിന്‍റെ കൊമ്പനാനകളെക്കണ്ടു
വിരണ്ടോടിയത് ഏതു മതിഭ്രമത്തിലെന്നന്വേഷിക്കാന്‍ കോച്ച് കാര്‍ലോസ്
ക്വിറോസ് മെനക്കെടട്ടെ. ഇതു യഥാര്‍ഥ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്ലബ്
ഫുട്ബോളിലൂടെ എങ്ങനെ ലോക ഫുട്ബോളര്‍ ജനിക്കുമെന്ന ചോദ്യത്തിന്
സ്വന്തമായൊരു ഗോളിലൂടെയും മൂന്നു ഗോളുകളിലെ പങ്കാളിത്തത്തിലൂടെയും
മറുപടി, രാജ്യത്തിനു വേണ്ടിയും കളിക്കാനറിയാമെന്നു പ്രഖ്യാപനം. ഇതു
യഥാര്‍ഥ വടക്കന്‍ കൊറിയ, ബ്രസീലിനെ കത്രികപ്പൂട്ടിട്ടു പൂട്ടിയ മായാവിദ്യ
മറന്നു പോയവര്‍, അല്ലെങ്കില്‍ ക്യാംപില്‍നിന്നു മുങ്ങി അജ്ഞാത
ആഫ്രിക്കന്‍ തീരങ്ങളിലെവിടെയോ അഭയം പ്രാപിച്ച നാലു കളിക്കാരില്‍
ആരുടെയെങ്കിലും കൈയിലായിരുന്നിരിക്കാം അതിന്‍റെ നിഗൂഢമന്ത്രം കുറിച്ച
പുസ്തകം.
ഗോള്‍ ശരാശരി നിര്‍ണായകമായേക്കാവുന്ന അവസ്ഥ മുന്‍കൂട്ടി കണ്ടായിരുന്നു
പോര്‍ച്ചുഗലിന്‍റെ തന്ത്രങ്ങള്‍. കൊറിയന്‍ പ്രതിരോധത്തിന്‍റെ
കടുപ്പത്തെ തുളയ്ക്കാന്‍ ഡെക്കോയ്ക്കു പകരം സിമാവോയും, ലീഡ്സണു പകരം
അല്‍മെയ്ഡയും ആദ്യ ഇലവനില്‍. തീരുമാനങ്ങള്‍ കൃത്യമായിരുന്നു എന്നു
മിനിറ്റുകള്‍ക്കുള്ളില്‍ വ്യക്തമായി.
മൂന്നാം മിനിറ്റില്‍ രണ്ടു പേരെ വെട്ടിച്ച് 20 വാര അകലെ നിന്നുതിര്‍ത്ത
ഷോട്ടിലൂടെ റൊണാള്‍ഡോ ശംഖു വിളിച്ചു. മെയ്റേലസും റിക്കാര്‍ഡോ
കാര്‍വാലോയും അത്യധ്വാനം ചെയ്തു. മറുവശത്ത് ബ്രസീലിനെതിരേ പ്രയോഗിച്ച
ലോങ് റേഞ്ചര്‍ പരീക്ഷണങ്ങള്‍ മാത്രം കൊറിയക്കാര്‍
ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
29ാം മിനിറ്റില്‍ മെയ്റേലസിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍ വേട്ട തുടങ്ങി.
പിന്നെ, 53, 56, 60, 80, 87, 89 മിനിറ്റുകളിലായി രണ്ടാം പകുതിയില്‍
കൊറിയന്‍ വല കുലുങ്ങിയത് ആറു തവണ.
ഗോള്‍ # 1റൗള്‍ മെയ്റേലസിന്‍റെ അധ്വാനത്തിനു ഫലം. തിയാഗോയുടെ അതിമനോഹരമായ ത്രൂ
പാസ്, മെയ്റേലസില്‍ അതിലും മനോഹരമായ ഫിനിഷ്, കൊറിയന്‍ ഗോ ളി മ്യോങ്
ഗുക്ക് കാഴ്ചക്കാരനായി.
ആദ്യ പകുതിയില്‍ പിന്നെ കണ്ടത് രണ്ടു കൊറിയന്‍ ഡിഫന്‍ഡര്‍മാരുടെ
ആശയക്കുഴപ്പം മെയ്റേലസ് പുറത്തേക്കടിക്കുന്നതും, റൊണാള്‍ഡോയുടെ
തണ്ടര്‍ബോള്‍ട്ട് ലക്ഷ്യം തെറ്റുന്നതും, അല്‍മെയ്ഡയുടെ ബാക്ക്ഹീല്‍
പരീക്ഷണം പാളുന്നതും.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും തനിസ്വരൂപം പുറത്തെടുത്തു. പോര്‍ച്ചുഗീസ്
പാസുകള്‍ക്കു പെട്ടെന്നു ദൈര്‍ഘ്യം കൂടുന്നു. ബ്രസീലിന്‍റെ കുറിയ പാസുകളെ
ഫലപ്രദമായി പ്രതിരോധിച്ച കൊറിയന്‍ പ്രതിരോധം പെട്ടെന്നുള്ള
തന്ത്രമാറ്റത്തില്‍ ഉലയുന്നു. ലോങ് പാസുകളുടെ അപകടം അളക്കാനാകാതെ വലഞ്ഞ
കൊറിയയുടെ കുറിയ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് 53, 56, 60 മിനിറ്റുകളില്‍
പോര്‍ച്ചുഗീസ് വൈദഗ്ധ്യം ലക്ഷ്യം ഭേദിക്കുന്നു.
ഗോള്‍ # 2വണ്‍ ടച്ച് പാസുകളിലൂടെ കൊറിയന്‍ മധ്യനിരയെയും പ്രതിരോധത്തെയും ഭേദിച്ചു
മുന്നേറുന്ന അല്‍മെയ്ഡയും മെയ്റേലസും. ഒടുവില്‍ മെയ്റേലസിന്‍റെ ത്രൂ പാസ്
പെനല്‍റ്റി ബോക്സിന്‍റെ വലതു മൂലയിലേക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന
സിമാ വോ മുന്നിലേക്ക്, അനായാസം ഗോളിയെ മറികടന്ന് പന്ത് വലയിലേക്ക്.
ഗോള്‍ # 3പോര്‍ച്ചുഗലിന്‍റെ ഹാഫില്‍നിന്ന് ഇടതുവിങ്ങിലൂടെ ഉസൈന്‍ ബോള്‍ട്ടിനെ
അനുസ്മരിപ്പിച്ച് കോണ്‍ട്രാവോയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം. കൊറിയന്‍
ഡിഫന്‍ഡര്‍മാര്‍ക്ക് ഒപ്പം ഓടിയെത്താനാവുന്നില്ല. ഒടുവിലൊരു ലോങ്
ക്രോസിലൂടെ പന്ത് പെനല്‍റ്റി ബോക്സില്‍ ഹ്യൂഗോ അല്‍മെയ്ഡയുടെ കാലില്‍.
അവിടെനിന്ന് അനായാസം ഗോള്‍ലൈനപ്പുറത്തേക്കും.
ഗോള്‍ # 4റൊണാള്‍ഡോ മാജിക്ക്. ഇടതുവിങ്ങിലൂടെ മുന്നേറി പെനല്‍റ്റി
ബോക്സിലേക്കൊരു കുതിപ്പ്. അവിടെനിന്നു തിയാഗോയ്ക്ക് അളന്നുമുറിച്ച
പാസ്, സൈഡ്ഫുട്ട് ഷോട്ട് വലയില്‍.
നാലു മിനിറ്റിനു ശേഷം വലതു വിങ്ങില്‍നിന്നു ക്രിസ്റ്റ്യാനോയുടെ ക്രോസ്,
മെയ്റേലസ് പുറത്തേക്കടിച്ചു. നാലു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍
റൊണാള്‍ഡോയുടെ ത്രൂ വീണ്ടും പാഴായി, ഇത്തവണ പ്രതി കോണ്‍ട്രാവോ. മൂന്ന്
മിനിറ്റ്, റോണാള്‍ഡോയുടെ ലോങ് റേഞ്ചര്‍ ക്രോസ് ബാറിനെ ഉലയ്ക്കുന്നു.
ഗോള്‍ # 577ാം മിനിറ്റില്‍ അല്‍മെയ്ഡയ്ക്കു പകരം ലീഡ്സന് അവസരം. കളത്തിലിറങ്ങി
മൂന്നു മിനിറ്റിനുള്ളില്‍ ഗോളടിച്ച് ആഘോഷം. ഡ്യൂഡയുടെ ക്രോസ് ക്ലിയര്‍
ചെയ്യുന്നതില്‍ കൊറിയന്‍ പ്രതിരോധത്തിനു പിഴവു പറ്റി, പോയിന്‍റ് ബ്ലാ
ങ്ക് റേഞ്ചില്‍നിന്നു ഷൂട്ട് ചെയ്യുന്ന ജോലി ലീഡ്സന്.
ഗോള്‍ # 6അഞ്ചു ഗോള്‍ വീണിട്ടും റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് ഒന്നുമില്ലേ
എന്നു ചോദിച്ചവര്‍ക്കു മറുപടി. തലയ്ക്കുമുകളിലൂടെ മുതുകിലൂടെ ഉരുണ്ട്
വീണ്ടും മുന്നില്‍ വീണ പന്തിനെ ഗോള്‍വലയിലേക്കു തഴുകുമ്പോള്‍
റൊണാള്‍ഡോയുടെ മുഖത്തു തമാശ.
ഗോള്‍ # 7തിയാഗോയില്‍നിന്നു റോണാള്‍ഡോ വഴി ലീഡ്സണിലേക്ക്, അവിടെനിന്നു വീണ്ടും
തിയാഗോ, പട്ടിക പൂര്‍ത്തിയായി. ഇതു ലോകകപ്പ് മത്സരമോ
പരിശീലനക്കളരിയോ.... 1966 ല്‍ 3-0 ലീഡില്‍നിന്ന് ഉത്തര കൊറിയയെ
തോല്‍വിയിലേക്കു വലിച്ചിറക്കിയ യൂസേബിയോ ഗ്യാലറിയിലിരുന്നു
ചിന്തിച്ചിട്ടുണ്ടാകണം.