സാവൊ പോളൊഒരാള് ഫുട്ബോളിലെ ദൈവം. മറ്റൊരാള്‍ ദൈവത്തിന്‍റെ കൈയുടെ ഉടമ.
ഫുട്ബോള്‍ ലഹരിയിലാറാടുന്ന ആരാധകര്‍ പതിറ്റാണ്ടുകളായി തര്‍ക്കിക്കുന്ന
വിഷയം, ദൈവമോ ദൈവത്തിന്‍റെ കൈയുടെ ഉടമയോ വലുത്, പെലെയോ ഡീഗൊ മറഡോണയോ
കേമന്‍? പരസ്പരം ചെളിവാരിയെറിയാന്‍ രണ്ടുപേരും പരമാവധി ശ്രമിക്കുകയും
ചെയ്യുമ്പോള്‍ ലോക ഫുട്ബോളിലെ വ്യക്തിഗത പോരാട്ടങ്ങളിലെ നമ്പര്‍ വണ്‍
പദവി പെലെ - മറഡോണ വാക് പയറ്റിനു തന്നെ, അതിലേതായാലും തര്‍ക്കമില്ല.
മറ്റൊരു ലോകകപ്പ് ഫുട്ബോളിനു പന്തുരുണ്ട് തുടങ്ങിയതേയുള്ളൂ, പതിവുപോലെ
ഈ നമ്പര്‍ വണ്‍ എതിരാളികള്‍ പയറ്റ് തുടങ്ങിക്കഴിഞ്ഞു. ഇത്തവണ കിക്കോഫ്
മറഡോണയുടേതായിരുന്നു. ഇതുവരെ ലോകകപ്പിലെ അനുഭവത്തെക്കുറിച്ച്
ചോദിച്ചപ്പോള്‍, പെലെയ്ക്കെതിരേ ഒരു ഒളിയമ്പ് എയ്യുകയായിരുന്നു മറഡോണ.
ആഫ്രിക്കയ്ക്ക് ലോകകപ്പില്‍ ആതിഥേയത്വം വഹിക്കാനാകുമോയെന്ന് ഒരു
കറുത്തവന്‍ (പെലെ) സംശയിച്ചിരുന്നുവെന്നാണ് മറഡോണ പറഞ്ഞത്. ഈ
പരമാര്‍ശത്തെക്കുറിച്ച് ബ്രസീലിയന്‍ മാധ്യമങ്ങള്‍ പെലെയോട്
അന്വേഷിച്ചപ്പോള്‍ ഉടന്‍ തന്നെ മറുപടിയും വന്നു. അര്‍ജന്‍റൈന്‍ ദേശീയ
ടീമിന്‍റെ പരിശീലനച്ചുമതല മറഡോണ ഏറ്റെടുത്തത് സാമ്പത്തിക ലാഭം മാത്രം
കണ്ടാണെന്നായിരുന്നു പെലെയുടെ കണ്ടെത്തല്‍.
ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെയിരിക്കുകയാണ് മറഡോണ,
ജീവിക്കാന്‍ കാശ് വേണം, അതുകൊണ്ട് ദേശീയ ടീമിനെ പരിശീലിപ്പിക്കാമെന്ന്
സമ്മതിക്കുകയായിരുന്നുവെന്നും പെലെ. തട്ടിയും തടഞ്ഞുമാണ് അര്‍ജന്‍റീന
ലോകകപ്പ് യോഗ്യത നേടിയെടുത്തത്, എന്നാല്‍ അതില്‍ മറഡോണ കുറ്റക്കാരനല്ല,
മറഡോണയെ കോച്ചിങ് ചുമതലയേല്‍പ്പിച്ചവരാണ് കുറ്റക്കാരെന്നും പെലെ.
2005 ല്‍ മറഡോണ ആതിഥേയത്വം വഹിക്കുന്ന ടിവി ഷോയില്‍ പെലെ
പങ്കെടുത്തിരുന്നു. മയക്കുമരുന്ന് ഉപയോഗവും ആശുപത്രിവാസവുമായി വലഞ്ഞ
മറഡോണയെ ഒന്നു സഹായിക്കാന്‍ തന്‍റെ ഒരു കൈ സഹായം നല്‍കുകയാണ് അന്നു
ചെയ്തതെന്നും പെലെയുടെ കുത്ത്.