രാമനും രാവണനും[You must be registered and logged in to see this image.] നായകനും പ്രതിനായകനും ഒരുമിക്കുമ്പോള്‍ പൊതുവെ വ്യത്യസ്തമായ
ഭാവങ്ങളാണുണ്ടാവുക. അഭിനവ രാമായണത്തിലെ നായക പ്രതിനായകന്മാര്‍ സ്ക്രീനിനു
പുറത്ത് ഒരുമിച്ചപ്പോള്‍ ഒരേ ഭാവം. മനോഹരമായ ഒരു സിനിമയ്ക്കു വേണ്ടി
ജീവിച്ച നിമിഷങ്ങളെക്കുറിച്ച് അവര്‍ പങ്ക് വെച്ചു. നടന്‍ വിക്രവും
പൃഥ്വിരാജും. രാവണന്‍റെ പ്രൊമോഷനോടനുബന്ധിച്ചു റിലയന്‍സ് ബിഗ്
പിക്ചേഴ്സ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് വിക്രവും പൃഥ്വിയും
ഒന്നിച്ചത്തിയത്.
തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ രാവണന്‍ മുന്നേറുന്നതിന്‍റെ
സന്തോഷത്തിലായിരുന്നു വിക്രം. കേരളത്തിലെ തിയേറ്ററുകളിലും തന്‍റെ
ചിത്രത്തിനു നല്ല പ്രതികരണം കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം
തോന്നുന്നുവെന്നു വിക്രം. തിരിച്ചു സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണു
കേരളത്തിലെത്തുമ്പോള്‍. മണിരത്നത്തിന്‍റെ ഒരു ചിത്രത്തിലെങ്കിലും
അഭിനയിക്കണമെന്ന ആഗ്രഹം ഏറെക്കാലമായി മനസിലുണ്ടായിരുന്നു. രണ്ടു
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചതു ഭാഗ്യമായാണു
കരുതുന്നത്. ഒരേ സമയം രണ്ടു ഭാഷകളില്‍ നായക, പ്രതിനായക വേഷങ്ങള്‍
ചെയ്യുകയെന്നതു വെല്ലുവിളിയായിരുന്നു. പാറക്കെട്ടില്‍ നിന്നു
വെള്ളത്തിലേക്കു ചാടിയതു നടനാണോ ഡ്യൂപ്പാണോയെന്ന വിവാദത്തില്‍
കാര്യമില്ലെന്നു വിക്രം പറഞ്ഞു.
മണിരത്നത്തിന്‍റെ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ
അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് പൃഥ്വിരാജ്. രാവണനിലൂടെ മികച്ച
പ്ലാറ്റ്ഫോമാണു തനിക്കു ലഭിച്ചത്. തന്‍റെ തറവാടായ മലയാള സിനിമയുടെ പേര്
തന്നിലൂടെ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ട്. മൂന്നു തവണയാണു താന്‍ ചിത്രം
കണ്ടത്. താന്‍ അഭിനയിച്ചില്ലായിരുന്നെങ്കിലും ഇത്രയും തവണ ചിത്രം
കാണുമായിരുന്നു. അത്രയും മനോഹരമായാണു ചിത്രം എടുത്തിരിക്കുന്നത്. ഭാഷ
മാറുന്നതോടെ ചിത്രത്തിന്‍റെ ഫ്ളേവറും, സീനുകളുടെ ഘടനയും മാറുന്നത്
അപൂര്‍വമായ അനുഭവമാണ്.
ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നാണ് ഇരുവരുടെയും
പക്ഷം. പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ല എന്ന വിമര്‍ശനം ചിത്രത്തിന്‍റെ
പോരായ്മയെയല്ല ചൂണ്ടിക്കാണിക്കുന്നതെന്നു പൃഥ്വിരാജ്.
ചിത്രത്തെക്കുറിച്ച് ഓരോരുത്തരുടെയും മനസില്‍ ഒരു രൂപം ഉണ്ടായിരുന്നു.
അതില്‍ നിന്നു വ്യത്യസ്തമായാണു സ്ക്രീനില്‍ കണ്ടതെന്നതു കൊണ്ടു മാത്രം
ചിത്രം മോശമാവില്ല.
സംവിധായകന്‍ മണിരത്നമാവുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയേറുക
സ്വാഭാവികമെന്നു വിക്രം. അദ്ദേഹത്തിന്‍റെ കഴിവിലുള്ള പ്രേക്ഷകരുടെ
പ്രതീക്ഷ കൂടിയാണത്. തമിഴ്നാട്ടില്‍ എല്ലായിടത്തും മികച്ച പ്രതികരണമാണു
ലഭിക്കുന്നത്. അവാര്‍ഡ് പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിനു മണിരത്നത്തിന്
അവാര്‍ഡ് കിട്ടിയാലാവും താന്‍ കൂടുതല്‍ സന്തോഷിക്കുകയെന്നതായിരുന്നു
വിക്രത്തിന്‍റെ മറുപടി. അതിരപ്പിള്ളിയില്‍ എത്രയോ പടങ്ങള്‍
ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും മനോഹരവും വ്യത്യസ്തവുമായ
ഷോട്ടുകള്‍ ചെയ്യാന്‍ മണിരത്നത്തിനേ സാധിക്കൂ.
രാമായണത്തിലെ സീതയെയും ഐശ്വര്യറായ് അവതരിപ്പിച്ച കഥാപാത്രത്തെയും
കുറിച്ചുള്ള താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് ഇരുവരും പറഞ്ഞു.
രാമായണത്തിന്‍റെ വ്യാഖ്യാനമല്ല ചിത്രം. രാവണന്‍ എന്ന കഥാപാത്രത്തിന്‍റെ
സാധ്യതയെയാണു ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാവണിലെ സീത
മണിരത്നം കണ്ട കഥാപാത്രമാണ്. നമുക്കു പരിചയമുളള സീതയാവണം സ്ക്രീനില്‍
വരേണ്ടതെന്നു ശഠിച്ചിട്ടു കാര്യമില്ലെന്നു പൃഥ്വി. സൂര്യന്‍റെ ചിത്രം
വരയ്ക്കുമ്പോള്‍ എന്തു നിറം നല്‍കണമെന്നു തീരുമാനിക്കേണ്ടതു
ചിത്രകാരനാണ്. അതേ പോലെ തന്നെയാണു കഥാപാത്രത്തിന്‍റെ കാര്യത്തില്‍
തിരക്കഥാകൃത്തിനും സംവിധായകനുമുള്ള സ്വാതന്ത്ര്യം, പൃഥ്വി വിശദീകരിച്ചു.