[You must be registered and logged in to see this image.] എഴുപതുകളില്‍ ഒരു സിനിമയു ടെ പ്രിവ്യൂ. സിനിമയിലെ തലതൊട്ടപ്പന്മാര്‍ക്കു
മുന്നില്‍ ആദ്യ അവതര ണം. ചിത്രം കണ്ടിറങ്ങിയ പ്രമുഖ വിതരണക്കാരന്‍
തിരക്കഥാകൃത്തിനോടു പറഞ്ഞു, തിയെറ്ററില്‍ ചെയറുണ്ടെങ്കില്‍ നാട്ടുകാരത്
അടിച്ചു പൊളിച്ചു കളയും, പടം അത്രയ്ക്കു ബോര്‍. സിനിമ റിലീസ് ആയി.
വിവിധയിടങ്ങളില്‍ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകരുടെ
ആദ്യപ്രതികരണമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. മാറ്റിനി ഫുള്‍
അല്ല, ഫസ്റ്റ് ഷോ കുറച്ച് ആളുണ്ട്... സെക്കന്‍ഡ് ഷോയുടെ വിധിയറിയിച്ചു
കൊണ്ട് ഫോണ്‍ ബെല്‍ മുഴങ്ങി. കണ്ണൂര്‍, തലശേരി, കോഴിക്കോട്
എന്നിവിടങ്ങളില്‍ തിയെറ്ററുകള്‍ക്കു മുന്നില്‍ ലാത്തിച്ചാര്‍ജ്,
ആലപ്പുഴയില്‍ തിരക്കില്‍ ടിക്കറ്റ് കൗണ്ടര്‍ ഇടിഞ്ഞുവീണു..... ഒരു തലമുറ
ആരാധിച്ച ചിത്രത്തിന്‍റെ വിജയസൂചനകളായിരുന്നു അത്. സിനിമാക്കൊട്ടകകളുടെ
നിശബ്ദതയില്‍, ആള്‍ക്കൂട്ടത്തിന്‍റെ ശ്വാസോച്ഛാസത്തിന്‍റെ അനിയന്ത്രിതമായ
വേഗതയില്‍, ഉയര്‍ന്ന നെഞ്ചിടിപ്പില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം.
കേട്ടറിവിന്‍റെ ആകാംക്ഷ നിറയുന്ന കണ്ണുകള്‍ക്കു മുന്നില്‍, സ്ക്രീനില്‍
തെളിഞ്ഞു... അവളുടെ രാവുകള്‍.
ആലപ്പുഴ. സക്കറിയ ബസാര്മുപ്പത്തിരണ്ടു വര്‍ഷത്തിനു ശേഷം. മദ്രാസിലെ ആ പ്രിവ്യൂ ഷോയില്‍ നിന്ന്
ആലപ്പുഴ സക്കറിയ ബസാറിലെ വൃന്ദാവനം ഹെറിറ്റേ ജ് ഹോമിലേക്ക്. ഒരു
തലമുറയ്ക്ക്, നിദ്രാവിഹീനങ്ങളായ രാവുകള്‍ സമ്മാനിച്ച കഥാകൃത്തിനെ
കാത്തിരിക്കുകയാണ്. ഷര്‍ട്ട് മാത്രമിട്ടു നില്‍ക്കുന്ന രാജിയുടെ
നഗ്നതയ്ക്കപ്പുറം, സെക്സിന്‍റെ സ്ഥിരം ആവേശക്കാഴ്ചകള്‍ക്കപ്പുറം
അസാമാന്യമായ ക്രാഫ്റ്റ് കൈമുത ലാക്കിയ ആലപ്പുഴക്കാരന്‍ ഷെറീഫ്. ഇടനാഴിയുടെ
അപ്പുറത്ത് ഒരു ലോങ്ഷോട്ടില്‍, ബൈക്കിന്‍റെ ശബ്ദം. കഥാകാരന്‍
കാലുകുത്തുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറത്തും സിനിമയോടുള്ള ആവേശം
നിറയുന്ന കാല്‍വയ്പ്പുകള്‍ അടുത്തടുത്തു വന്നു. ഇരുപത്തിരണ്ടു വര്‍ഷത്തെ
സര്‍ഗാത്മക നിശബ്ദതയ്ക്കു ശേഷം, അവളുടെ രാവുകളുടെ രണ്ടാം ഭാഗമുണ്ട്
ഷെറീഫിന്‍റെ മനസില്‍. ഷെറീഫ് പറഞ്ഞുതുടങ്ങുന്നു. പതിയെ പെയ്തുതുടങ്ങി യ
ഓര്‍മയുടെ മഴ, പിന്നെ പെരുമഴയായ്...
ബാല്യം സാഹിത്യമയംഒരു നല്ല കാലത്തിന്‍റെ ഉമ്മറത്തായിരുന്നു ഷെറീഫിന്‍റെ ബാല്യം. ആലപ്പുഴ
സക്കറിയ ബസാറില്‍ കൊപ്രാക്കട തറവാട്ടിലെ ഹമീദ് ബാവയുടെയും റഹ്മ
ബീവിയുടെയും മകന്‍ ആ സാഹിത്യവസന്തകാലം ആഘോഷിച്ചു. ഡ്രൈ ഫിഷ്
എക്സ്പോര്‍ട്ടറായിരുന്നു അച്ഛന്‍. മകന്‍റെ സാഹിത്യജീവിതം
ഒരിക്കല്‍പ്പോലും ഡ്രൈ ആയിരുന്നില്ല. ബിസിനസാണെങ്കി ലും കലാപരമായ
അഭിരുചികളുണ്ടായിരുന്ന കുടുംബം. വായന ലഹരിയായി. കഥകള്‍ ആവേശമാ യി.
പഠിക്കുമ്പോള്‍ത്തന്നെ മലയാളരാജ്യം, കൗമുദി എന്നിവയില്‍ എഴുതിത്തുടങ്ങി.
മനസില്‍ വെള്ളിത്തിരകള്‍ക്കും തിരശീല ഉയര്‍ന്ന കാലം. ശിവാജിഗണേശന്‍റെയും
ദിലീപ്കുമാറിന്‍റെയും രാജകാലം. നല്ല സിനിമയെന്നു മാധ്യമങ്ങളോ, നിരൂപകരോ
വിധിയെഴുതും മുന്‍പേ പഥേര്‍ പാഞ്ചാലി പോലുള്ള സിനിമകളും കണ്ടിരുന്നു.
ആയിടയ്ക്കാണു നടന്‍ സത്യന്‍റെ ഒരു പ്രസംഗം കേള്‍ക്കുന്നത്, സത്യജിത്ത്
റായുടെ പഥേര്‍ പാഞ്ചാലിയെക്കുറിച്ച്. ഈ പ്രസംഗത്തെക്കുറിച്ചുള്ള അഭിപ്രായം
പത്രാധിപര്‍ കെ.ബാലകൃഷ്ണനെ എഴുതി അറിയിച്ചു. മറുപടിയും വന്നു, ഇതൊന്നും
പറഞ്ഞിട്ടു കാര്യമില്ല, ഒരു തിരക്കഥ എഴുതണം...
വൈകിയില്ല. കൊച്ചിയില്‍ നിന്നിറങ്ങിയിരുന്ന ചിത്രസാഗരം എന്ന സിനി
വീക്കിലിയില്‍ ഷെറീഫിന്‍റെ തിരക്കഥ വെളിച്ചം കണ്ടു, ഒരു ഗോസ്റ്റ്
സ്റ്റോറി. തിരക്കഥ വായിച്ചു സിനിമയാക്കാന്‍ പലരുമെത്തിയെങ്കിലും
ഷെറീഫിനായി കാലം കരുതിവച്ച അഭ്രപാളിയിലെ അരങ്ങേറ്റം
അതൊന്നുമായിരുന്നില്ല.
നീ വാ ഒരു സിനിമ ഉണ്ടാക്കാം, മദ്രാസില്‍ നിന്നു വിളിച്ചത്, സുഹൃത്തും
നടനുമായ കോട്ടയം ചെല്ലപ്പന്‍. ചൂതു കളിച്ചു കാശുണ്ടാക്കാന്‍
മദ്രാസിലേക്കു പോകുന്നൊരു കൂട്ടുകാരന്‍റെയൊപ്പം ഷെറീഫ് യാത്രയാകുന്നു.
കൂട്ടുകാരനു ചിലപ്പോള്‍ ലക്ഷങ്ങള്‍ നഷ്ടം വന്നേക്കാം, ഷെറീഫിനു
നഷ്ടപ്പെടാന്‍ ഒന്നുമില്ല.