അവതാറിനെ പിന്തള്ളി ഹര്‍ട്ട് ലോക്കര്‍ ലണ്ടന്‍, തിങ്കള്‍, 22 ഫെബ്രുവരി 2010( 09:57 IST )
PRO
2010 ലെ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ (ബാഫ്റ്റ) പ്രഖ്യാപിച്ചു. ജെയിംസ് കാമറൂണിന്‍റെ ത്രി ഡി വിസ്മയമായ ‘അവതാര്‍’ പുരസ്കാരങ്ങള്‍ വാരിക്കൂട്ടുമെന്ന പ്രേക്ഷക പ്രതീക്ഷ തെറ്റിച്ച് ഇറാഖ് യുദ്ധസിനിമയായ ‘ദ ഹര്‍ട്ട് ലോക്കര്‍’ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരങ്ങളടക്കം ആറ് അവാര്‍ഡുകള്‍ സ്വന്തമാക്കി.
അവതാറിന്‍റെ സംവിധായകനായ ജെയിംസ് കാമറൂണിന്‍റെ മുന്‍ ഭാര്യ കൂടിയായ കാതറീന്‍ ബിഗലോ അണ് ദ ഹര്‍ട്ട് ലോക്കര്‍ സംവിധാനം ചെയ്തത്. മികച്ച സംവിധായികയ്ക്കുള്ള ബാഫ്റ്റ പുരസ്കാരം നേടുന്ന ആദ്യ വനിത കൂടിയായി കാതറിന്‍. മികച്ച തിരക്കഥ, എഡിറ്റിങ്, ഛായാഗ്രഹണം, മികച്ച ശബ്ദം എന്നീ പുരസ്കാരങ്ങളും ഹര്‍ട്ട് ലോക്കര്‍ സ്വന്തമാക്കി.
ഏറെ പ്രതീക്ഷിച്ച അവതാറിന് പ്രൊഡക്ഷന്‍ ഡിസൈന്‍, സ്പെഷല്‍ വിഷ്വല്‍ എഫക്ട്സ് പുരസ്കാരങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അവതാറിനും, ഹര്‍ട്ട് ലോക്കറിനും എട്ട് നാമനിര്‍ദേശങ്ങളാണ് ലഭിച്ചിരുന്നത്. ഓസ്കര്‍ പ്രഖ്യാപനങ്ങളുടെ ചൂണ്ടുപലകയായാണ് ബാഫ്റ്റ പുരസ്കാരങ്ങളെ പ്രേക്ഷകര്‍ കാണുന്നത്.
ലണ്ടന്‍ റോയല്‍ ഓപ്പേറ ഹൗസില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലായിരുന്നു പുരസ്കാരദാനം. എ സിംഗിള്‍ മാനിലെ പ്രകടനത്തിനു കോളിന്‍ ഫിര്‍ത്ത് മികച്ച നടനായും, ആന്‍ എജുക്കേഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കാരി മുള്ളിഗനെ മികച്ച നടിയായും തിരഞ്ഞെടുത്തു.