പാക് ക്രിക്കറ്റ് ടീം വീണ്ടും വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിനെതിരെ ക്രിക്കറ്റ് ആരാധകരും കായിക മേധാവികളും രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനോട് ഒരു റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതോടെ മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാന്റെ സെമിസാധ്യതകളും അസ്തമിച്ചിരിക്കുകയാണ്.
ന്യൂസിലാന്‍ഡിന്റെ 134 റണ്‍സ് മറിക്കടക്കാന്‍ കഴിയാതെ പാകിസ്ഥാന്‍ കീഴടങ്ങിയത് ചില താരങ്ങളുടെ ഒത്തുകളിയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ പാകിസ്ഥാനിലെ സെനറ്റിലും നാഷണല്‍ അസംബ്ലിയിലും വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. വെസ്റ്റിന്‍ഡീസിലെ പാകിസ്ഥാന്റെ മോശം പ്രകടനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കായിക മന്ത്രാലായം അറിയിച്ചിട്ടുണ്ട്.
അതേസമയം, പരിചയസമ്പന്നരായ താരങ്ങളുടെ അഭാവമാണ് തോല്‍ക്കാന്‍ കാരണമെന്ന് പാക് നായകന്‍ ഷാഹീദ് അഫ്രീദി പറഞ്ഞു. നിരവധി സീനിയര്‍ താരങ്ങള്‍ അച്ചടക്കനടപടിയുടെ പേരില്‍ വിലക്കിലാണ്. കഴിഞ്ഞ പ്രാവശ്യം പാകിസ്ഥാന്‍ കിരീടം നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന മിക്ക താരങ്ങള്‍ക്കും വെസ്റ്റിന്‍ഡീസില്‍ കളിക്കാനായില്ലെന്നും അഫ്രീദി പറഞ്ഞു.
ട്വന്റി-20 ലോകകപ്പ് നേടിയ മുന്‍ നായകന്‍ യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ്, ഷുഹൈബ് മാലിക്, റാണ നവീദ് എന്നിവരെല്ലാം വിലക്കിലാണ്. സീനിയര്‍ ബാറ്റ്സ്മാന്മാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ന്യൂസിലാന്‍ഡിനെതിരെ വിജയിക്കാന്‍ സാധിക്കുമായിരുന്നു എന്നും അഫ്രീദി പറഞ്ഞു. നിരവധി പ്രശ്നങ്ങള്‍ നേരിട്ടുക്കൊണ്ടിരിക്കുന്ന ടീമാണ് പാകിസ്ഥാനെന്നും ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ പര്യടനങ്ങള്‍ക്ക് ശേഷം ടീം തകര്‍ന്നെന്നും അഫ്രീദി പറഞ്ഞു.