സെന്‍റ് ലൂസിയ
ഇന്നു കളി കംഗാരുക്കളും പാക് പടയാളികളും തമ്മില്‍. ട്വന്‍റി20 ലോകകപ്പിന്‍റ ഫൈനലിസ്റ്റുകളിലൊരാളെ നിശ്ചയിക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും പടവെട്ടുമ്പോള്‍ ഓര്‍മയിലെത്തുന്നത് പാക് വിജയത്തിലവസാനിച്ച 1992 ലോകകപ്പ്. ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളിയാണെന്ന് അടിവരയിട്ടാണ് ഇമ്രാന്‍ ഖാന്‍റെ ടീം കപ്പെടുത്തത്. ടൂര്‍ണമെന്‍റിന്‍റെ ആദ്യഘട്ടത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന പാക് ടീം ഭാഗ്യത്തിന്‍റെ പിന്‍ബലത്തില്‍ സെമിലെത്തി, അപരാജിതരായി മുന്നേറിയ കിവികളെ തുരത്തിയപ്പോള്‍ ഏവരും മൂക്കത്തു വിരല്‍വച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ പാക്കിസ്ഥാന്‍ വീഴ്ത്തിയപ്പോള്‍ അത് ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ അത്ഭുത പ്രകടനങ്ങളിലൊന്നായി. അത്തരത്തില്‍ ഒരു മാജിക്ക് പ്രതീക്ഷിക്കുകയാണ് പാക് ആരാധകര്‍. അവര്‍ക്കു ശരിക്കുമറിയാം എതിരാളികളെ തച്ചുടച്ചു വരുന്ന ഓസ്ട്രേലിയയെ കീഴടക്കാന്‍ തങ്ങളുടെ താരങ്ങള്‍ മജീഷ്യന്‍മാരാവണമെന്ന്.
പ്രകടനനിലവാരത്തില്‍ അജഗജാന്തരവുമായാണ് പാക്കിസ്ഥാനും ഓസ്ട്രേലിയയും കൊമ്പുകോര്‍ക്കാനെത്തുന്നത്. അപരാജിതരായാണ് മൈക്കല്‍ ക്ലാര്‍ക്കിന്‍റെയും കൂട്ടരുടെയും വരവ്. മുന്നില്‍പ്പെട്ടവരെല്ലാം ഓസീസിന്‍റെ ടീം ഗെയിമിന്‍റ പവര്‍ അറിഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരേ ആറുവിക്കറ്റിന്‍റെയും ശ്രീലങ്കയ്ക്കെതിരേ 81റണ്ണിന്‍റെയും ഇന്ത്യക്കെതിരേ 49 റണ്ണിന്‍റെയും വിജയമാര്‍ജിനുകള്‍ അവരുടെ പ്രഹരശേഷി വെളിപ്പെടുത്തുന്നു. അതേസമയം, പാക്കിസ്ഥാന്‍
കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. രണ്ടു മത്സരങ്ങളില്‍ മാത്രം വിജയിച്ച പാക് പടയുടെ വരവ് ഒരര്‍ഥത്തില്‍ അത്ഭുതം തന്നെ. ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരേ നേടിയ ജയമാണു പാക്കിസ്ഥാന് തുണയായത്.
ട്വന്‍റി20 ക്രിക്കറ്റ് വഴങ്ങില്ലെന്ന വിമര്‍ശനത്തെ ഇതിനകം അതീജീവിച്ച കംഗാരുക്കളുടെ ബൗളിങ് നിരയാണ് ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാന് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുക. പ്രാഥമിക റൗണ്ടിലെ 34 റണ്ണിന്‍റെ തോല്‍വിയിലൂടെ പാക്കിസ്ഥാന്‍ അതു തിരിച്ചറിഞ്ഞതാണ്. ഡിര്‍ക്ക് നാനെസ്, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ ടെയ്റ്റ് എന്നിവരെല്ലാം അപാര ഫോമില്‍. ഒപ്പം സ്പിന്നര്‍ സ്റ്റീവന്‍ സ്മിത്തും ചേരുമ്പോഴുള്ള വൈവിധ്യം അവരുടെ അധികബലം. ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍നര്‍ - ഷെയ്ന്‍ വാട്സണ്‍ കൂട്ടികെട്ട് ലോകത്തെ ഏറ്റവും മികച്ച ഓഫ്പണിങ് ജോടിയാണെന്നു ക്യാപ്റ്റന്‍ ക്ലാര്‍ക്ക് അവകാശപ്പെടുന്നു. ബ്രാഡ് ഹാഡിനും, ഡേവിഡ് ഹസ്സിയും മൈക്ക് ഹൈസിയും മധ്യനിരയെ സുരക്ഷിതമാക്കുന്നു. ക്ലാര്‍ക്കിന്‍റെ ഫോമില്‍ മാത്രമാണ് ആശങ്ക.
പാക്കിസ്ഥാനാകട്ടെ, പ്രശ്നങ്ങളുടെ നടുവിലാണ് സല്‍മാന്‍ ബട്ടും, അക്മല്‍ സഹോദരന്‍മാരും മാത്രമെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുള്ളു. മിസ്ബ ഉല്‍ ഹക്കിന്‍റെ മികവ് ഒരു മത്സരത്തില്‍ ഒതുങ്ങി. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് ഇതുവരെ വിശ്വംരൂപം പുറത്തെടുക്കാനായിട്ടില്ല.
എന്നാല്‍ വമ്പനടികള്‍ക്കുപേരുകേട്ട അഫ്രീദി, പ്രധാന മത്സരങ്ങളില്‍ ഫോമിലേക്കുയരുന്ന പതിവു തുടര്‍ന്നാല്‍ ഓസ്്ട്രേലിയയ്ക്കു തലവേദനയാകുമെന്നറപ്പ്. ബൗളിങ്ങില്‍ സയീദ് അജ്മലിനെയാവും പാക്കിസ്ഥാന്‍ പ്രധാനമായും ആശ്രയിക്കുക.
പേസ് ബൗളര്‍മാരില്‍ മുഹമ്മദ് ആമിറിലാണ് പ്രതീക്ഷ. മുഹമ്മദ് സമി ഫോമിലല്ലാത്ത അവസ്ഥയില്‍ അബ്ദുള്‍ റസാക്കിനെ തന്നെ ന്യൂബോള്‍ ഏല്‍പ്പിക്കേണ്ടി വരും.