കേപ്ടൗണ്ഉറുഗ്വെ തീരുമാനിച്ചുറപ്പിച്ചു തന്നെയായിരുന്നു... തങ്ങള്‍ക്കില്ലെങ്കില്‍
ആര്‍ക്കും വേണ്ടെന്ന്. ആദ്യപകുതിയില്‍ തന്നെ കെട്ടിപ്പടുത്ത
പ്രതിരോധക്കോട്ട ഭേദിക്കാന്‍ ഫ്രാന്‍സിനായില്ല. ഗ്രൂപ്പ് എയിലെ രണ്ടാം
മത്സരത്തില്‍ ആരാധകര്‍ക്കു വിരസ കാഴ്ച്ചകള്‍ സമ്മാനിച്ച് ഇരുവരും
ഗോള്‍രഹിതരായി കളം വിട്ടു(0-0). മത്സരഫലം ഇരുവര്‍ക്കു ഓരോ പോയ്ന്‍റ്
സമ്മാനിച്ചു.
ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയ ഫ്രാന്‍സിനായിരുന്നു മത്സരത്തില്‍
മുന്‍തൂക്കമെങ്കിലും ഫിനിഷിങ്ങിലെ പിഴവുകള്‍ വിനയായി. ഉറുഗ്വെയ്ക്കാകട്ടെ
ഓര്‍മയില്‍ തങ്ങുന്ന ഒരു നീക്കം പോലും നടത്താനുമായില്ല. ഡീഗോ
ഫോര്‍ലാനെയും ലൂയിസ് സുറാസിനെയും മാര്‍ക്ക് ചെയ്ത ഫ്രാന്‍സ് ഉറുഗ്വെയുടെ
ആക്രമണങ്ങളുടെ മുനയൊടിച്ചു. അവരുടെ മിഡ്ഫീല്‍ഡ് നിര്‍ജീവമായിരുന്നു.
ഫോര്‍ലാന്‍ ലോങ് റെയ്ഞ്ചുകളിലൂടെ ഫ്രഞ്ച് ഗോളിയെ ഇടയ്ക്കിടെ
പരീക്ഷിച്ചെങ്കിലും വലചലിപ്പിക്കാന്‍ അതൊന്നും പോരായിരുന്നു. മറുവശത്തു
ഫ്രാങ്ക് റിബറിയുടെ ഡ്രിബ്ളിങ് പാടവം ഫ്രാന്‍സിനു അവസരങ്ങള്‍
തുറന്നുകൊടുത്തു. ആറാം മിനിറ്റില്‍ ഉറുഗ്വെ ഗോള്‍മുഖത്തേക്കു റിബറി
നല്‍കിയ താഴ്ന്ന ക്രോസ് ഗോവൗ പുറത്തേക്കടിച്ചു. 17ാം മിനിറ്റില്‍ സൈഡ്
ലൈനിരികില്‍ നിന്നു ഗോര്‍ക്കോഫെടുത്ത ഫ്രീകിക്ക് ഗോള്‍പോസ്റ്റിലേക്കു
വളഞ്ഞുകയറിയങ്കിലും ഉറുഗ്വൈന്‍ ഗോളി സാഹസികമായി തട്ടിയകറ്റി. പിന്നെയും
ഫ്രാന്‍സിന്‍റെ ഒറ്റപ്പെട്ട ആക്രമണങ്ങളുടെ മുനയൊടിഞ്ഞുകൊണ്ടിരുന്നു.
രണ്ടാം പകുതിയിലും കളിയുടെ സ്വഭാവം മാറിയില്ല. തിയറി ഹെന്‍റിയെയും
ഫ്ളോറന്‍റ് മലൂഡയെയുമിറക്കി ഫ്രാന്‍സ് കളിയുടെ വേഗതകൂട്ടിയെങ്കിലും
ഗോള്‍ വീണില്ല. ഉറുഗ്വെയുടെ നിക്കോളസ് ലൊറേഡ ലോകകപ്പില്‍
ചുവപ്പുകാര്‍ഡ് കണ്ടു പുറത്താവുന്ന ആദ്യകളിക്കാരനാകുന്നതിനും മത്സരം
സാക്ഷിയായി. തിയറി ഹെന്‍റിയെ കരയിലിരുത്തി അനല്‍ക്കയെ കളിപ്പിച്ച
ഫ്രാന്‍സിന്‍റെ തന്ത്രത്തിനേറ്റ തിരിച്ചടിയായി മത്സരഫലം.