ജൊഹാന്നസ് ബര്ഗ്ബ്രസീല് നിരാശരാക്കിയില്ല. പതിവു തെറ്റിക്കാതെ പതിഞ്ഞതാളത്തില്‍
കൊട്ടിക്കയറി, ഒടുവില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ചിലിയെ
തകര്‍ത്തടിച്ചു ക്വാര്‍ട്ടറിലേക്ക്. ലാറ്റിനമേരിക്കന്‍ കേളീ ചാരുതകള്‍
മാറ്റുരച്ച പോരില്‍ പൊരുതിക്കളിച്ചെങ്കിലും ചിലിക്കു കൂടുതലൊന്നും
ചെയ്യാനുണ്ടായിരുന്നില്ല. ജൂലൈ 2ലെ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഹോളണ്ടിനെ
നേരിടും.
ജുവാന്‍ (35), ലൂയിസ് ഫാബിയാനോ (38), റൊബീഞ്ഞോ (59) എന്നിവര്‍ കാനറികള്‍ക്കുവേണ്ടി വലകുലുക്കി.
തുടക്കത്തില്‍ ചിലി ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ആദ്യ ഗോളിനുശേഷം
ദുംഗയുടെ ബോയ്സ് സര്‍വാധികാരികള്‍. ഒന്നാം പകുതിയില്‍ രണ്ടുഗോളിന്‍റെ
ലീഡുമായാണു ബ്രസീല്‍ കളം വിട്ടത്. ചടുലതയുള്ള നീക്കങ്ങളുമായി
രണ്ടാംപകുതിയിലും അവര്‍ തന്നെ കളം വാണു. ഇടയ്ക്കൊക്കെ ചിലി
പ്രത്യാക്രമണങ്ങള്‍നടത്തിയെങ്കിലും ജൂലിയോ സീസറിനെ പരീക്ഷിക്കാനുള്ള
ശക്തിയുണ്ടായിരുന്നില്ല. ഹുംബര്‍ട്ടോ സുവാസോയും അലക്സി സാഞ്ചസും
വല്‍വിഡയുമൊക്കെ നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ലക്ഷ്യം കാണാതെപോയി.
നേരത്തെ കറുത്ത കുതിരകളാകുമെന്നു കരുതപ്പെട്ട സ്ലൊവേക്യയെ ഒന്നിനെതിരേ
രണ്ടുഗോളിനു കീഴടക്കി ഹോളണ്ടും ക്വാര്‍ട്ടറില്‍ ഇടം കണ്ടെത്തി. ആര്യന്‍
റോബന്‍റെ മിന്നുന്ന പ്രകടനമാണു ഓറഞ്ചു പടയ്ക്കു ജയം ഒരുക്കിയത്.
മിഡ്ഫീല്‍ഡിലെ കളി നിയന്ത്രിച്ച റോബന്‍ 18ാം മിനിറ്റില്‍ ഹോളണ്ടിനെ
മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ വെസ്ലി സ്നൈഡര്‍ ലീഡുയര്‍ത്തി.
സ്ലൊവാക്യയുടെ ആശ്വാസഗോള്‍ റോബര്‍ട്ട് വിറ്റെക്ക് പെനല്‍റ്റിയിലൂടെ
കണ്ടെത്തി.