ട്വന്റി-20 ലോകകപ്പിന് ശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രയായി. സിംബാബെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് സുരേഷ് റെയ്നയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ യാത്രത്തിരിച്ചത്. പ്രമുഖ താരങ്ങളെ പുറത്തിരുത്തി യുവതാരങ്ങളെയാണ് സിംബാബെയിലേക്ക് അയച്ചിരിക്കുന്നത്.
സിംബാബ്‌വെ, ശ്രീലങ്ക ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് പുറമെ സിംബാബ്‌വെയുമായി രണ്ട് ട്വന്റി-20 മത്സരവും ഇന്ത്യ കളിക്കും. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വെയെ നേരിടും. രണ്ടാം മത്സരത്തില്‍ മെയ് 30ന് ശ്രീലങ്കയെയും നേരിടും. ആദ്യ മത്സരം ബുലാവായോയിലും അടുത്ത രണ്ട് മത്സരങ്ങള്‍ ഹരാരെയിലും നടക്കും.
നായകന്‍ മഹേന്ദ്രസിംഗ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരെ കൂടാതെയാണ് ടീം പ്രഖ്യാപിച്ചത്. അതേസമയം, ഇന്ത്യയുടേത് മികച്ച ടീമാണെന്നും ത്രിരാഷ്ട്ര പരമ്പര നേടാന്‍ കഴിയുമെന്നും നായകന്‍ സുരേഷ് റെയ്ന പറഞ്ഞു.