ബുലവായൊ
ട്വന്‍റി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് യങ് ബ്ലഡിലൂടെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങും. ആതിഥേയരായ സിംബാബ്വെയാണ് സുരേഷ് റെയ്ന നയിക്കുന്ന ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ശ്രീലങ്കയാണ് പരമ്പരയിലെ മൂന്നാം ടീം.
ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയടക്കം എട്ട് പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളുമായാണ് ഇന്ത്യ എത്തിയത്. ഏകദിന ലോകകപ്പിന് വെറും ഒമ്പത് മാസം ശേഷിക്കെ റിസര്‍വ് താരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എത്രമാത്രം മികവ് പ്രകടിപ്പിക്കുമെന്നും പരമ്പരയിലൂടെ വ്യക്തമാകും. അന്താരാഷ്ട്ര രംഗത്ത് സാന്നിധ്യമറിയിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങുന്ന ഈ യുവതാരങ്ങളെ നയിക്കുന്ന ക്യാപ്റ്റനെന്ന നിലയില്‍ റെയ്നയ്ക്കും സ്ഥിതിഗതികള്‍ ഏറെ അനുകൂലം.
വിരാട് കോഹ്ലിയാണ് വൈസ് ക്യാപ്റ്റന്‍. ട്വന്‍റി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് ബാറ്റ് കൊണ്ടു മറുപടി നല്‍കാന്‍ കോഹ്ലിയും തയാര്‍. ഇതേ മന സ്ഥിതിയിലാകും സ്പിന്നര്‍മാരായ പ്രജ്ഞാന്‍ ഓജയും അമിത് മിശ്രയും. യൂസഫ് പഠാനും രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തിക്കും സീനിയര്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരമായി പരമ്പരയെ കാണും.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ടീമില്‍ ഇടം കണ്ടെത്തിയ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നമന്‍ ഓജയും അവസരം കിട്ടിയാല്‍ പാഴാക്കില്ലെന്നുറപ്പ്. അശോക് ദിന്‍ഡയും ആര്‍. വിനയ് കുമാറും പങ്കജ് സിങ്ങും ഉമേഷ് യാദവും ഉള്‍പ്പെടുന്ന പേസ് നിരയാകും റെയ്നയെ കുറച്ചൊന്ന് വലയ്ക്കുക. ഇവരില്‍ ആര്‍ക്കും പരിചയസമ്പത്ത് ഏറെയില്ലെന്നതാണു കാരണം.
2007 ല്‍ സിംബാബ്വെ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ അംഗങ്ങളായിരുന്നു പങ്കജും പ്രജ്ഞാനും രോഹിത്തും. ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകല്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഏറെ നിരാശയേകിയെന്നും അതിനൊരു പരിഹാരം ഈ പരമ്പരയിലൂടെ കാണുമെന്നും റെയ്ന. ഏകദിന മത്സരങ്ങള്‍ ട്വന്‍റി20 യില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും അതിനാല്‍ത്തന്നെ കിരീടം സ്വന്തമാക്കാനാകുമെന്ന് ഏറെ പ്രതീക്ഷയുണ്ടെന്നും റെയ്ന.
ക്രിക്കറ്റിന് വീണ്ടും രാജ്യത്ത് വേരു പടര്‍ത്തുകയാണ് എല്‍ട്ടണ്‍ ചിഗുംബുര നയിക്കുന്ന സിംബാബ്വെയുടെ ലക്ഷ്യം. സീസണില്‍ മറ്റ് പരമ്പരകളൊന്നുമില്ലാത്തതിനാല്‍ അടുത്ത ലോകകപ്പിന് തയാറെടുക്കാന്‍ സിംബാബ്വെയ്ക്ക് ലഭിക്കുന്ന ഏക അവസരവുമാണ് ത്രിരാഷ്ട്ര പരമ്പര. ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയ്ക്ക് വിശ്രമം അനുവദിച്ച് തിലകരത്നെ ദില്‍ഷനെ ചുമതലയേല്‍പ്പിച്ചാണ് ശ്രീലങ്കയും പരമ്പരയ്ക്ക് എത്തിയിരിക്കുന്നത്