സിംബാബ്‌വെയ്ക്കെതിരായ പരാജയകഥ ശ്രീലങ്കയോടും ഇന്ത്യ ആവര്‍ത്തിച്ചു.
ലങ്കയെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്താമെന്ന മോഹവുമായി കളത്തിലിറങ്ങിയ
ഇന്ത്യയെ ലങ്ക ആറുവിക്കറ്റിന് തോല്‍പ്പിച്ചു. ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ നിന്ന്
ഇന്ത്യ പുറത്താകുകയും ചെയ്തു.
269 റണ്‍സിന്‍റെ വിജയലക്‍ഷ്യമാണ് ലങ്കയ്ക്ക് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത്. പത്ത്
പന്തുകള്‍ ബാക്കിനില്‍ക്കെ ശ്രീലങ്ക അനായാസം ഈ സ്കോര്‍ മറികടന്നു. ദിനേഷ് കാന്‍ഡിമാലിന്‍റെ
തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിംഗ്സിന്‍റെ ഹൈലൈറ്റ്.
കുറഞ്ഞ സ്കോറിന് തിലകരത്നെ ദില്‍ഷ(21)ന്‍റെ വിക്കറ്റ്
നഷ്ടപ്പെടുത്തിക്കൊണ്ടാണ് ശ്രീലങ്ക തുടങ്ങിയത്. അതിന് ശേഷം ദിനേഷ് കാന്‍ഡിമാലും
ഉപുല്‍ തരംഗയും ചേര്‍ന്ന് ലങ്കയെ മുന്നോട്ടു നയിച്ചു. 52 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ്
ഇവര്‍ സൃഷ്ടിച്ചത്. 27 റണ്‍സെടുത്ത തരംഗയെ ആര്‍ അശ്വിന്‍ വീഴ്ത്തിയതോടെ ആ
കൂട്ടുകെട്ട് തകര്‍ന്നു.
എന്നാല്‍ ഉജ്ജ്വല ഫോമിലായിരുന്ന കാന്‍ഡിമാല്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്കു മേല്‍
പ്രഹരം തുടര്‍ന്നു. കാന്‍ഡിമാലിന്‍റെ സെഞ്ച്വറി(111)യുടെ ബലത്തില്‍ ലങ്ക 200
കടന്നു. 42 റണ്‍സെടുത്തെ ചമര കപുഗെദെരയാണ് കാന്‍ഡിമാലിന് പിന്തുണ നല്‍കിയത്. ഇരുവരും
പുറത്താകുമ്പോള്‍ ഒമ്പത് ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ വെറും 49 റണ്‍സ്
മതിയായിരുന്നു. ജീവന്‍ മെന്‍ഡിസ്(35), തിലന്‍ സമരവീര(28) എന്നിവര്‍
ചേര്‍ന്ന് ലങ്കയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
നേരത്തേ, യൂസഫ് പത്താ(44)നും വിരാട് കോലി(68)യും ചേര്‍ന്ന 84 റണ്‍സിന്‍റെ
കൂട്ടുകെട്ടും ആര്‍ അശ്വിന്‍റെ 38 റണ്‍സുമായിരുന്നു ഇന്ത്യന്‍ സ്കോറിന്
കരുത്തേകിയത്. രോഹിത് ശര്‍മ(32)യും തിളങ്ങി. എന്നാല്‍ ദിനേഷ് കാന്‍ഡിമാല്‍ എന്ന
ഒറ്റയാന്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ നിറഞ്ഞാടിയപ്പോള്‍ ജയം
ലങ്കയ്ക്കൊപ്പം നിന്നു